16 February Saturday
പ്രളയം വിവരിക്കാനാവാത്തത‌്

നവകേരളം പ്രതീക്ഷയേകുന്നു: വീണാ ജോർജ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

പ്രസ‌്ക്ലബ്ബിൽ ‘പ്രളയബാധിത പത്തനംതിട്ടയ‌്ക്കായി ഒഴുക്കിനെതിരെ ഒന്നിച്ച‌് ’ സംവാദ പരമ്പരയിൽ വീണാ ജോർജ്‌ എംഎൽഎ സംസാരിക്കുന്നു

 പത്തനംതിട്ട 

ജില്ല ആഗസ‌്ത‌് 15 മുതൽ ഒരാഴ‌്ച്ചക്കാലം  നേരിട്ട അതി ഭീകര പ്രളയം വിവരണങ്ങൾക്ക‌് അപ്പുറമെന്ന‌് വീണാ ജോർജ‌് എംഎൽഎ. 15ന‌് ഉച്ചയോടെ പാഞ്ഞെത്തിയ പ്രളയത്തിൽ കുടുങ്ങിയവരിൽ അവസാന ആളെയും രക്ഷിച്ചത‌് 20‐ാം തീയതിയോടെയാണ‌്. ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവിൽ അകപ്പെട്ട ഒരു കുടുംബത്തിനെ രക്ഷിച്ചതോടെയാണ‌് പ്രദേശത്തെ രക്ഷാപ്രവർത്തനം അവസാനിക്കുന്നത‌്. പ്രളയം വരുത്തിവച്ച നാശനഷ‌്ടങ്ങൾ ദുഃഖമുണ്ടാക്കുമ്പോളും നവകേരളം എന്ന ആശയം പുതിയ ജീവിതത്തിന‌് പ്രതീക്ഷയേകുകയാണ‌്. എന്റെ വീട‌്, ‌എനിക്ക‌് ഒരു നാട‌് എന്ന സ്വപ‌്നം പലർക്കും ജീവിതത്തിലേക്ക‌് തിരിച്ചുവരാൻ അവസരമൊരുക്കുകയാണ‌്. പത്തനംതിട്ട പ്രസ‌്ക്ലബ്ബിൽ ‘പ്രളയബാധിത പത്തനംതിട്ടയ‌്ക്കായി ഒഴുക്കിനെതിരെ ഒന്നിച്ച‌് ’ സംവാദ പരമ്പരയിൽ  സംസാരിക്കുകയായിരുന്നു എംഎൽഎ. 
പുഴയ്ക്കെതിരെ നിന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും തൂത്തെറിഞ്ഞാണ് പുഴ ഒഴുകിയത്. അതുകൊണ്ട് തന്നെ ഈ ദുരന്തം  നമുക്കൊരു പാഠമാണ്. പ്രകൃതിയെ വെല്ലുവിളിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ടായിരിക്കും ഇനിയുള്ള പ്രവ‌ർത്തനങ്ങളെല്ലാം നടപ്പാക്കുക. 
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വെള്ളപ്പൊക്കം എന്ന് വിശ്വസിക്കുന്നില്ല. പ്രളയത്തിന് ശേഷം നടന്ന യോഗത്തിൽ ഓരോ ഉദ്യോഗസ്ഥരും ചെയ്യേണ്ട കാര്യങ്ങൾ കർശനമായി നിർദേശിച്ചിരുന്നു. രണ്ടാമത്തെ യോഗത്തിൽ അവർ നടപ്പാക്കിയിട്ടില്ലെന്ന് കണ്ടു. അതാണ് ഉദ്യേഗസ്ഥരുടെ അനാസ്ഥ എന്ന് പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർക്ക് മറുപടിയായി എംഎൽഎ പറഞ്ഞു. 
കിണറുകളുടെ പുനരുജ്ജീവനം വെല്ലുവിളി
പ്രളയത്തിൽ തകർന്നതും മാലിന്യം നിറഞ്ഞതുമായ കിണറുകളുടെ പുനരുജ്ജീവനമാണ‌് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. പല കിണറുകളും ഇടിയുകയോ ഇരുത്തുകയോ റിങ്ങുകൾ  നഷ‌്ടപ്പെടുകയോ ചെയ‌്തിട്ടുണ്ട‌്. പലതിലും ചെളി നിറഞ്ഞ‌് ഉപയോഗ്യശൂന്യമായി. ചിലതിൽ വളർത്തുമൃഗങ്ങളുടെ  ശവശരീരങ്ങൾ അടിഞ്ഞതും പ്രതിസന്ധിയുണ്ടാക്കുന്നു. കിണറുകൾ ശുചിയാക്കുന്ന പ്രവർത്തനം തുടരുകയാണ‌്. കുടിവെള്ള ക്ഷാമമുണ്ടാകാതിരിക്കാൻ ടാങ്കറുകളിലും മറ്റും ജലം എത്തിച്ച‌് നൽകുന്നുണ്ട‌്. മലിനജലം തിരിച്ചറിയാൻ മൊബൈൽ ലാബ‌് യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട‌്. 
ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളി പകർച്ചവ്യാധികളാണ്. എലിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. 50 ശതമാനം മാത്രമേ ഇപ്പോഴും ശുചീകരണം നടന്നിട്ടുള്ളു. ജില്ലയിൽ ഒൻപത് താത്ക്കാലിക ക്ളിനിക്കുകൾ അനുവദിച്ചതിൽ രണ്ടെണ്ണം ആറന്മുള മണ്ഡലത്തിലാണ്. അതിൽ ഒന്ന് എഴിക്കാട് ആണ്. 
അപേക്ഷാ ഫോമില്ല
പ്രളയ ബാധിതർക്ക് ആനുകൂല്യം അനുവദിക്കുന്നതിന് സർക്കാർ അപേക്ഷാഫോമുകളൊന്നുംപുറത്തിറക്കിയിട്ടില്ല.  ഇത‌് പല തവണ ബന്ധപെട്ടവർ ആവർത്തിച്ചതാണ‌്. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ഫോമാണ‌് പലയിടത്തും ഇപ്പോൾ ഉപയോഗിക്കുന്നത‌്. ഇത‌് നിയമാനുസൃതമല്ല. ഫോമിന‌് പണം ഈടാക്കിയാൽ പരാതിപ്പെടണം. 
 ഗൃഹനാഥന്റെ പേര്, ബാങ്ക് ഐഎഫ്എസ‌് കോഡ് എന്നിവ വില്ലേജ് ഓഫീസിൽ അറിയിച്ചാൽ മതി. വെള്ള പേപ്പറിൽ എഴുതികൊടുത്താൽ മതിയാകും. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകിയാൽ  അത്രയും പെട്ടെന്ന് തുക ലഭിക്കും. ഇരട്ടിപ്പ് ഉണ്ടാവാതിരിക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. 
എഴിക്കാടിന‌് പ്രത്യേക പാക്കേജ‌് ലക്ഷ്യം 
കോഴഞ്ചേരി എഴിക്കാട‌്  കോളനിക്കായി സമഗ്ര പാക്കേജാണ‌് ലക്ഷ്യം വയ‌്ക്കുന്നത‌്. നാല‌് തവണയാണ‌് കോളനിയിലെ 75 ഓളം കുടുംബങ്ങൾ വെള്ളപൊക്കത്തെ നേരിട്ടത‌്. അവർക്കായി സന്നദ്ധരായവരിൽ നിന്നും ഭൂമി സ്വീകരിച്ച‌്  ഫ്ലാറ്റ‌് നിർമിക്കുന്നത‌് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട‌്. ഇതിനായി പ്രത്യേക പാക്കേജ‌് സർക്കാരിനോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. കോളനിയിലെ 42 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തുടരുകയാണ‌്. ഇവരുടെ വീടുകളൾ വാസയോഗ്യമാക്കാൻ കുറച്ച‌് ദിവസങ്ങൾ കൂടി വേണ്ടിവരും. 
നാശനഷ്ടങ്ങൾ നേരിട്ടവർ എല്ലാം ദുരിതബാധിതർ
വീട്ടിൽ വെള്ളം കയറി നാശനഷ‌്ടങ്ങൾ സംഭവിച്ചവർ എല്ലാം ദുരിത ബാധിതരാണ‌്. ടെറസിൽ കഴിഞ്ഞവരും അടുത്ത വീടുകളിൽ അഭയം പ്രാപിച്ചവരും  ദുരിതബാധിതരുടെ ഗണത്തിൽ വരും. മറിച്ചുള്ള പ്രതികരണങ്ങൾ തെറ്റാണ‌്. ദുരിതബാധിതരുടെ സഹായം ലഭിക്കാൻ ക്യാമ്പുകളിൽ പേര‌് രജിസ‌്റ്റർ ചെയ്യണമെന്ന‌് ചില ഉദ്യോഗസ്ഥർ പറഞ്ഞതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട‌്. ഇത‌് അനുവദിക്കില്ല. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ പരാതിപെടണം.
പ്രളയത്തിൽ നഷ‌്ടം സംഭവിച്ച കുടുംബങ്ങൾക്ക‌് കുടുംബശ്രീ  ഒരുലക്ഷം രൂപ വായ‌്പനൽകും. വ്യപാരികൾക്ക് പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും.  ഡാമുകളുടെ ശേഷി 80 ശതമാനമാക്കി ഉയർത്തണം. 
പ്രളയത്തിൽ ടെലിഫോൺ ഇന്റർനെറ്റ‌് സംവിധാനങ്ങൾ തകർന്നതിനാൽ  ഇനി ഇത്തരം ആപൽഘട്ടങ്ങളിൽ സഹായകമാകുന്ന രീതിയിൽ ആശയവിനിമയ രീതി മാറണം. വെള്ളം ഏത് രീതിയിൽ ഏതൊക്കെ പ്രദേശങ്ങളിൽക്കൂടി ഒഴുകും എന്ന് തിരിച്ചറിയാൻ ഫ്ലഡ് റൂട്ടിങ്‌ ഉണ്ടാകണം. ഫയർഫോഴ്സ് വിഭാഗങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികളില്ല. ഇത‌് അടിയന്തരമായി പരിഹരിക്കണം.  നദീ തീരങ്ങളിലെ പൊലീസ‌് സ‌്റ്റേഷനുകളിൽ സ‌്പീഡ‌് ബോട്ട‌് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തണം. പ്രളയത്തിന്റെ കാരണത്തേക്കാൾ ദുരിതബാധിതരുടെ പുനരധിവാസത്തിനാണ‌് സർക്കാർ ശ്രദ്ധനൽകുന്നതെന്നും വീണാ ജോർജ‌് എംഎൽഎ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top