ഉദുമ
സിപിഐ എം പ്രവർത്തകൻ ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ പ്രസ്താവനയിൽ പറഞ്ഞു. ഒന്നാം പ്രതി മരിച്ച സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ദൗർഭാഗ്യകാരമാണ് വിധി. 2013 സെപ്തംബർ 16ന് തിരുവോണ ദിവസം മരണവീട്ടിൽ േപായി മടങ്ങവെയാണ് ആര്യടുക്കം ഗവ. വെൽഫയർ സ്കൂളിന് സമീപത്ത് കോൺഗ്രസുകാർ ബാലകൃഷ്ണനെ കുത്തിക്കൊന്നത്. നാട്ടുകാരുടെ പ്രിയങ്കരനായ ബാലകൃഷ്ണന്റെ കൊലയ്ക്ക് പിന്നിൽ കോൺഗ്രസ് ക്രിമിനലുകളായ സംഘത്തിന്റെ ഗൂഡാലോചനയും കടുത്ത വൈരാഗ്യവുമാണ്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകാൻ മേൽക്കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.