16 January Saturday

കൂടുതൽ ചുമതലകൾ നിയന്ത്രണം കടുപ്പിച്ച്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 

കൽപ്പറ്റ
കോവിഡ്‌ പ്രതിരോധത്തിൽ പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സർക്കാർ ഉത്തരവും ജില്ലയിലെ രോഗവ്യാപനവും കണക്കിലെടുത്താണ്‌ തീരുമാനം.  രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ അഡീഷ്‌ണൽ എസ്‌പിയുടെ കീഴിൽ പ്രത്യേക സംഘം പ്രവർത്തിക്കും. സൈബർസെൽ ഉദ്യോഗസ്ഥർ അടങ്ങുന്നതായിരിക്കും ടീം. ഓരോ സ്‌റ്റേഷനിലും പ്രത്യേക സംഘമുണ്ടാകും. 
ഡിവൈഎസ്‌പിമാർ ഇതിന്‌ മേൽനോട്ടം വഹിക്കും. ഇവർ തയ്യാറാക്കുന്ന സമ്പർക്കപ്പട്ടികയും രോഗവ്യാപനവും കണക്കിലെടുത്താകും ഏതെല്ലാം പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ്‌ സോണുകളാക്കണമെന്നത്‌ തീരുമാനിക്കുക. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനുള്ള വാർഡ്‌ തല കമ്മിറ്റികളുടെയും ചുമതല പൊലീസ്‌ ഏറ്റെടുക്കും. 
ബൈക്ക്പട്രോളിങ് ശക്തമാക്കും.  വാർഡ് തല കമ്മിറ്റികൾ കാര്യക്ഷമമാക്കും. സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തും. ഇവരുടെ പ്രവർത്തനങ്ങൾക്കും ഡിവൈഎസ്‌പിമാർ മേൽനോട്ടം വഹിക്കും.  
ക്വാറന്റൈനിലുള്ളവരുടെ കുടുംബാംഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും. ഇവർക്കും ഹോം ക്വാറന്റൈൻ നിർദേശിക്കും.  ചികിത്സാ ആവശ്യങ്ങൾക്കായി ഇതര ജില്ലകളിൽ പോകുന്നവരും അവരെ അനുഗമിക്കുന്നവരും യാത്രസംബന്ധിച്ച വിവരങ്ങൾ  തൊട്ടടുത്ത പൊലീസ്‌ സ്‌റ്റേഷനിൽ അറിയിക്കണം. ‌ സ്‌റ്റേഷൻ നമ്പർ ലഭ്യമായില്ലെങ്കിൽ 112ൽ വിളിച്ച് നമ്പർ വാങ്ങി വിവരം അറിയിക്കണം. അന്തർജില്ലാ യാത്ര കഴിഞ്ഞുവരുന്നവർ കഴിയാവുന്നിടത്തോളം ക്വാറന്റൈനിൽ കഴിയണം.  തുടർ ചികിത്സക്കായുള്ള യാത്രകൾക്ക് ഈ നിയന്ത്രണം ബാധകമാകില്ല. 
അന്തർ സംസ്ഥാന ചരക്കു വാഹന ഡ്രൈവർമാർക്ക്  മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്‌. വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ്‌ അതിർത്തികളിൽ  സ്റ്റിക്കർപതിക്കും. 
അപ്രകാരം വരുന്ന ഡ്രൈവർമാരിൽ വയനാട്  സ്വദേശികൾക്ക് അവരുടെ വീടുകളിലേക്ക് പോകാം.   ഇതര ജില്ലകളിലും സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവർമാർ അവർക്ക് നിശ്ചയിച്ചിട്ടൂള്ള വിശ്രമകേന്ദ്രങ്ങളിൽ താമസിക്കണം. ഇവർക്ക് ചരക്ക് നീക്കത്തിന്റെ ഭാഗമായി വാഹനവുമായി പോകുന്നതിനും തിരികെ വരുന്നതിനും മാത്രമേ അനുമതിയുള്ളൂ.  മറ്റിടങ്ങളിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കുകയും ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യും.  വാഹനത്തിന്റെ പെർമിറ്റ് റദ്ദ്‌ ചെയ്യുന്നതടക്കമുള്ള നടപടികളും ഉണ്ടാകും.  
കോവിഡ്  നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിന്‌ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്‌പിമാർക്ക്‌ പുറമേ മറ്റുഡിവൈഎസ്‌പിമാർക്കും ചുമതല നൽകിയതായി‌ ജില്ലാ പൊലീസ്‌ മേധാവി ആർ ഇളങ്കോ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top