22 October Tuesday

കാസർകോട്‌ നഗരസഭ രേഖകൾ കാണാനില്ലെന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌

കെ സി ലൈജുമോൻUpdated: Monday Aug 5, 2019
കാസർകോട്‌
നഗരസഭയിൽ അത്യാവശ്യം സൂക്ഷിക്കേണ്ട രജിസ്‌റ്ററുകൾ സൂക്ഷിക്കുന്നില്ലെന്നും മേൽനോട്ട ചുമതലകൾ ഫലപ്രദമായി നടക്കുന്നില്ലെന്നും ആഭ്യന്തര നിയന്ത്രണം തീരെയില്ലെന്നും നഗരസഭാ ഓഡിറ്റ്‌ റിപ്പോർട്ട്‌. റിപ്പോർട്ട്‌ ഭരണസമിതിക്ക്‌ കൈമാറി നാലുമാസമായിട്ടും മറുപടി നൽകുകയോ കൗൺസിലിൽ ചർച്ച ചെയ്യുകയോ നടത്താതെ ഭരണസമിതി ഒളിച്ചുകളിക്കുകയാണ്‌. ഓഡിറ്റ്‌ ആവശ്യത്തിനായി ഫയലുകളും മറ്റ്‌ രേഖകളും ആവശ്യപ്പെട്ടപ്പോൾ മിക്കവയും എത്തിച്ചുകൊടുക്കാൻ ഉദ്യോഗസ്ഥർക്കായില്ല. കൃത്യമായ മറുപടിപോലും നൽകാതെ ഓഡിറ്റിറെ  വെല്ലുവിളിക്കുന്ന സമീപനമാണ്‌ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്‌.
സെക്‌ഷൻ ക്ലർക്കുമാർ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ വിവരം രേഖപ്പെടുത്തുന്നതിനും ലഭിക്കുന്ന തപാലുകളുടെ നിലവിലെ സ്ഥിതി അറിയുന്നതിനുമായുള്ള തൻപതിവേട്‌ രജിസ്‌റ്റർ കാലികമാക്കി സൂക്ഷിക്കുന്നില്ല. ഇവയുടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരാകട്ടെ ഇവ കൃത്യമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കാറില്ലെന്നും ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. 2017‐ 18 വർഷത്തെ ചാർജ്‌ രജിസ്‌റ്ററിലാകട്ടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുമില്ല. 
നോട്ട്‌ ഫയലുകളിലും മറ്റ്‌ സാക്ഷ്യപ്പെടുത്തലുകളിലും ജീവനക്കാർ പേരും തസ്‌തികയും രേഖപ്പെടുത്തി ഉപയോഗിക്കണമെന്ന സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ല. മാസന്തോറും ജീവനക്കാരുടെ യോഗം ചേരണമെന്ന്‌ വ്യവസ്ഥയുണ്ടെങ്കിലും ഇതുപോലും കൃത്യമായി നടക്കാത്ത അവസ്ഥയാണ്‌ നഗരസഭയിലുള്ളത്‌. സെക്‌ഷൻ തലത്തിൽ യോഗം ചേരുന്നുണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും ഇതിന്റെ മിനുട്‌സ് ചോദിച്ചാൽ എഴുതി സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണുള്ളത്‌.
പ്രധാനമായും സൂക്ഷിക്കേണ്ട കെട്ടിട നിർമാണ പെർമിറ്റ്‌ രജിസ്‌റ്റർ ശരിയായ വിധത്തിൽ എഴുതി സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. കെട്ടിടങ്ങളുടെ വലിപ്പം, തറവിസ്‌തീർണം തുടങ്ങിയവ ടൗൺ പ്ലാനർക്ക്‌ അയച്ചതിന്റെ വിവരം, കെട്ടിടത്തിന്റെ തറവീസ്‌തീർണവും വലിപ്പവും തമ്മിലുള്ള അനുപാതം, നിർമാണം പൂർത്തീകരിച്ചതിന്‌ ശേഷമുള്ള കണക്കുകൾ എന്നിവ രജിസ്‌റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ട്രേഡേഴ്‌സ്‌ രജിസ്‌റ്റർ വേണ്ടവിധം സൂക്ഷിക്കാത്തതിനാൽ വ്യാപാരികളിൽനിന്നും നികുതി പിരിച്ചെടുത്തതിന്‌ കൃത്യമായ കണക്കില്ലെന്നും റിപ്പോർട്ടിലുണ്ട്‌. 
അപൂർണമായ രജിസ്‌റ്ററുകളാണ്‌ ഓഡിറ്റിന്‌ ഹാജരാക്കിയതെന്ന വിമർശനവുമുണ്ട്‌. ഡിമാന്റ്‌, കളക്‌ഷൻ, ബാലൻസ്‌ എന്നിവ രജിസ്‌റ്ററിൽ എഴുതിച്ചേർക്കാത്തതിനാൽ വാർഷിക സ്‌റ്റേറ്റ്‌മെന്റിലെ ആകെ വരവും രജിസ്‌റ്ററിലെ വരവും ഒത്തുനോക്കാൻപോലും സാധിച്ചില്ലെന്നുമുള്ള ഓഡിറ്റ്‌ റിപ്പോർട്ട്‌ നഗരസഭാ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കടുത്ത അലംഭാവമാണ്‌ എടുത്തുകാട്ടുന്നത്‌.
പ്രധാന വാർത്തകൾ
 Top