11 August Thursday
തൊഴിലിലുറപ്പില്ലെന്ന്‌ തൊഴിലാളികൾ

ഒന്നിച്ചിറങ്ങാമെന്ന്‌ ബൃന്ദാ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

തൊഴിലുറപ്പുതൊഴിലാളികളുമായി സംവദിക്കാന്‍ ബൃന്ദ കാരാട്ട് കയരളം പട്ടുവം വയലില്‍ എത്തിയപ്പോള്‍. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജൻ എന്നിവർ സമീപം.

കണ്ണൂർ
‘‘യു പീപ്പിൾ ആർ ഡ്യുയിങ്‌ ദിസ്‌ വർക്ക്‌ റൈറ്റ്‌  ? ’’...  മഴ തളർത്താത്ത ആവേശത്തിൽ കയരളം പട്ടുവം വയലിൽ കയർ ഭൂവസ്‌ത്രം വിരിക്കുന്ന  സരോജിനിയും കൂട്ടരും ആ ഇംഗ്ലീഷ്‌ ചോദ്യം കേട്ടാണ്‌ തിരിഞ്ഞുനോക്കിയത്‌. വരമ്പത്തു നിൽക്കുന്ന ബൃന്ദ കാരാട്ടിനെയും നേതാക്കളെയും കണ്ടപ്പോൾ അവർക്ക്‌ സന്തോഷച്ചിരി. തൊഴിലുറപ്പ്‌ പദ്ധതിയിൽ അധികം കണ്ടിട്ടില്ലാത്ത ഈ ജോലിയെക്കുറിച്ചാണ്‌ ബൃന്ദ ആദ്യം അന്വേഷിച്ചത്‌. 
ആലിങ്കടവ്‌ തോടിന്റെ ഭിത്തി ഇടിയാതിരിക്കാൻ തൊഴിലുറപ്പ്‌ പദ്ധതിയിൽ കയർ ഭൂവസ്‌ത്രം എങ്ങനെയാണ്‌ വിരിക്കുന്നതെന്ന്‌ വാർഡ്‌ അംഗം എ പി സുചിത്ര  വിവരിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ തൊഴിലും തൊഴിൽ പ്രശ്‌നങ്ങളും നേരിട്ട്‌ ചോദിച്ചറിയാനായിരുന്നു സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ മയ്യിൽ കയരളത്തെത്തിയത്‌. 
 പാടത്തിന്റെ കരയിലെ വീട്ടുമുറ്റത്ത്‌ തൊഴിലാളികൾക്കൊപ്പം ഇരുന്നായി പിന്നീടുള്ള സംസാരം. കയർ ഭൂവസ്‌ത്രം വിരിക്കുന്ന പ്രവൃത്തിയിൽ 44 പേരാണ്‌ തിങ്കളാഴ്‌ചയുണ്ടായിരുന്നത്‌.  ഒരു വർഷം തൊഴിൽ ദിനങ്ങൾ കൃത്യമായി കിട്ടുന്നുണ്ടോയെന്നായിരുന്നു ബൃന്ദയുടെ ചോദ്യം. നൂറ്‌ തൊഴിൽ ദിനങ്ങൾ കൃത്യമായി കിട്ടുന്നില്ലെന്നുമാത്രമല്ല, മറ്റു ജോലികളൊന്നും കിട്ടാത്ത അവസ്ഥയാണെന്നും  തൊഴിലാളിയായ സുമ പറഞ്ഞു. ജിയോ ടാഗിങ്‌ മൂലമുള്ള തൊഴിൽദിന നഷ്‌ടത്തിന്റെ പ്രശ്‌നങ്ങളും ബൃന്ദ ചോദിച്ചറിഞ്ഞു. കുടുംബത്തിന്റെ ആശ്രയമായ സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനുപകരം വെട്ടിക്കുറയ്‌ക്കാനാണ്‌ മോദി സർക്കാർ ശ്രമിക്കുന്നതെന്ന്‌ അവർ  പറഞ്ഞു. 
പണിയായുധങ്ങൾ മുഴുവൻ സ്വന്തം ചെലവിൽ വാങ്ങേണ്ടി വരുന്നത്‌ വലിയകഷ്ടമാണെന്ന്‌ തൊഴിലാളിയായ ശാരദ പറഞ്ഞു. കൂട്ടത്തിൽ പ്രായം കുറഞ്ഞ മുപ്പത്തിയൊൻപതുകാരി സുമമുതൽ എഴുപത്തിമൂന്നുകാരി കാഞ്ഞത്തിവരെയുള്ളവരോട്‌ തൊഴിൽ പ്രശ്‌നങ്ങൾ സംസാരിച്ചാണ്‌ ബൃന്ദ മടങ്ങിയത്‌. തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ  നമുക്ക്‌ ഒരുമിച്ച്‌ പോരാടണമെന്ന്‌ തൊഴിലാളികളുടെ കൈകോർത്തുപിടിച്ച്‌ ബൃന്ദ പറഞ്ഞു. 
 സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ,  ടി കെ ഗോവിന്ദൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ണ, ജില്ലാപഞ്ചായത്തംഗം എൻ വി ശ്രീജിനി, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ  എന്നിവരും ഒപ്പമുണ്ടായി.
ആണിക്കരിയിലും ബൃന്ദയെത്തി
മട്ടന്നൂർ നഗരസഭ മാതൃകാപരമായി നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചറിയാൻ ആണിക്കരി വാർഡിലെ നാല് ഏക്കർ നെൽകൃഷിയും ബൃന്ദ സന്ദർശിച്ചു. വീട്ടമ്മമാർക്ക്‌ ഉൾപ്പെടെ  വരുമാനമാർഗമായ പദ്ധതിയെക്കുറിച്ച്‌ തൊഴിലാളികൾ വിശദീകരിച്ചു. വിളവ്‌ തൊഴിലാളികൾതന്നെ വീതിച്ചെടുക്കും. മിച്ചം വരുന്നവ സമീപത്തെ സ്‌കൂളുകളിലും അങ്കണവാടികളിലും ക്ഷേത്രങ്ങളിലും സൗജന്യമായി നൽകും.  തൊഴിൽ ഒരു മണിക്കൂർ കുറയ്‌ക്കണമെന്നും കൂലി കിട്ടാനുള്ള താമസം പരിഹരിക്കാൻ ഇപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ അനിതാ വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ എം രതീഷ്, ഇ സജീവൻ, സി രജനി, കെ ശോഭന, കൗൺസിലർമാരായ ഷാഹിനാ സത്യൻ, കെ സുജാത, പി രാജിനി, എം റോജ, കെ മജീദ് എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top