മലപ്പുറം
ഞായറാഴ്‌ച രാത്രിയിൽ യുവജനങ്ങളും വിദ്യാർഥികളും തെരുവിലിറങ്ങി. കൈയിൽ പന്തവും മുദ്രാവക്യങ്ങളുമായി, നീതിക്കായി പൊരുതുന്ന രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്‌തി താരങ്ങൾക്ക് അവർ ഐക്യദാർഢ്യമർപ്പിച്ചു. ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ ജില്ലയിൽ 16 കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് നടത്തി. നൂറുകണക്കിന് വിദ്യാർഥികളും യുവജനങ്ങളും മാർച്ചിൽ അണിനിരന്നു.
ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷണെ അറസ്‌റ്റ് ചെയ്യുക, ഗുസ്‌തി താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുക, കായിക താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് ഭീകരതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രക്ഷോഭം. മലപ്പുറത്ത് കുന്നുമ്മലിൽനിന്നാരംഭിച്ച നൈറ്റ് മാർച്ച് കിഴക്കേത്തലയിൽ സമാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്‌ഘാടനംചെയ്‌തു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദലി ശിഹാബ് മഞ്ചേരിയിൽ മാർച്ചിന് നേതൃത്വം നൽകി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ തിരൂരിലും കെ പി അനീഷ് പെരിന്തൽമണ്ണയിലും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സജാദ് അരീക്കോടും എൻ ആദിൽ താനൂരും പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി ഇല്യാസ് മലപ്പുറത്തും എൻ എം ഷെഫീക്ക് നിലമ്പൂരിലും കെ ലിനീഷ് വണ്ടൂരിലും എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം സുജിൻ വളാഞ്ചേരിയിലും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..