കാപ്പാട്
കാനാമ്പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി കണ്ടറിയാനും തുടർ പ്രവർത്തനത്തിന് രൂപംനൽകാനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ പുഴനടത്തം. ഞായർ രാവിലെ ഏഴ് മുതലാണ് എംഎൽഎയുടെയും പുനരുജ്ജീവന ജനകീയ സമിതി കൺവീനർ എൻ ചന്ദ്രന്റെയും ഹരിത കേരള മിഷൻ പ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ, ജനകീയ സമിതി അംഗങ്ങൾ, കൗൺസിലർമാർ, വിദ്യാർഥികൾ, പ്രദേശവാസികൾ തുടങ്ങിയവരുടെയും നേതൃത്വത്തിൽ പുഴനടത്തം.
കാപ്പാട് ശിശുമന്ദിരം റോഡിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷനായി. ചീപ്പ് റോഡ് വരെയായിരുന്നു പുഴനടത്തം.
2018 ലാണ് കാനാമ്പുഴ പുനരുജ്ജീവന പദ്ധതി ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ചെയർമാനും എന്‍ ചന്ദ്രന്‍ കൺവീനറുമായി രൂപീകരിച്ച കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്നാരംഭിക്കുന്ന അരുവിയാണ് ഒമ്പതു കിലോമീറ്റർ സഞ്ചരിച്ച് അറബിക്കടലിൽ ചേരുന്ന കാനാമ്പുഴ. മൂന്ന് പ്രൊജക്ടുകളിലായി എട്ട് കോടി 20 ലക്ഷം രൂപയുടെ സംരക്ഷണ പ്രവൃത്തികളാണ് നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..