14 May Friday
പുതിയ ഓക്‌സിജൻ പ്ലാന്റും

ജനറല്‍ ആശുപത്രിയില്‍ 
50 ഐസിയു കിടക്ക സജ്ജമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

മേയർ എം കെ വർഗീസ്‌, മുൻ മന്ത്രി വി എസ്‌ സുനിൽകുമാർ എന്നിവർ ജില്ലാ ആശുപത്രി അധികൃതരുമായി സംസാരിക്കുന്നു

തൃശൂർ
കോവിഡ്-  പ്രതിരോധത്തിന്റെ ഭാഗമായി  കോർപറേഷനു കീഴിലുള്ള   ജനറൽ ആശുപത്രിയിൽ  50 ഐസിയു കിടക്ക  സജ്ജമാക്കുമെന്ന് മേയർ എം കെ വർഗീസ്‌  അറിയിച്ചു. മേയറും ജനപ്രതിനിധികളും ആശുപത്രി സന്ദർശിച്ച്‌ സ്ഥിതിഗതി വിലയിരുത്തി.
 ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ ശ്രീദേവിയുമായി ചർച്ച ചെയ്തതിന്റെ   അടിസ്ഥാനത്തിൽ 50 ഐസിയു  കിടക്ക സജ്ജീകരിക്കാനാണ്‌ തീരുമാനം. നിലവിൽ 15 ഐസിയു ബെഡുകളാണുള്ളത്‌.  ആശുപത്രിയിൽ 240 ബെഡുകളാണുള്ളത്‌. ഇതിൽ 120 ബെഡുകൾ കോവിഡ്‌ ചികിത്സക്ക്‌ മാത്രം മാറ്റിവച്ചിട്ടുണ്ട്‌. 
50 ഐസിയു കിടക്ക സജ്ജമാക്കുമ്പോൾ  പുതിയ ഓക്സിജൻ പ്ലാന്ററും വിവിധ വാർഡുകളിലേക്ക് സെൻട്രലൈസ്‌ഡ്‌  ഓക്സിജൻ ലൈനും  വലിക്കണം. ഇത്‌ കോർപറേഷൻ ഒരുക്കും. മെഡിക്കൽ കോളേജിൽ ചെയ്‌തപോലെ ഇവിടെ ക്രമീകരിക്കാൻ എൻജി. വിഭാഗത്തിനും നിർദേശം നൽകി. 
ആവശ്യമായ മാസ്‌കും പിപിഇ കിറ്റുകളും ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. കോവിഡ് ഒപി രോഗികൾക്കായി കാത്തിരിപ്പ് കേന്ദ്രവും ആവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
 മുൻ മന്ത്രി വി എസ് സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, കൗൺസിലർമാരായ സജിത ഷിബു, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ്‌  ആശുപത്രി സന്ദർശിച്ചത്‌. ഒന്നേകാൽ വർഷത്തിനകം ആയിരത്തിൽപ്പരം കോവിഡ്‌ രോഗികളെ ജനറൽ ആശുപത്രിയിൽ ചികിത്സിച്ചു.  നിരവധി ഗർഭിണികളായ കോവിഡ്‌ രോഗികളായവരുടെ പ്രസവ ശുശ്രൂഷയും നടന്നു.   
രാജ്യത്ത് ആദ്യമായി കോവിഡ്  സ്ഥിരീകരിച്ചത്‌  ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിക്കായിരുന്നു.  2020  ജനു. 31നാണ്‌ സ്ഥിരീകരണം.  കൊടുങ്ങല്ലൂർ സ്വദേശിനിയായ ഈ  കുട്ടിയെ  തൃശൂർ ജനറൽ ആശുപത്രിയിലാണ്‌ ആദ്യം പ്രവേശിപ്പിച്ചത്‌ . പിന്നീടാണ്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top