14 May Friday

പേരാവൂർ യുഡിഎഫിനെ തുണച്ചത്‌ 
മത പ്രീണനവും വോട്ടുകച്ചവടവും

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 

ഇരിട്ടി
ഒരുവശത്ത്‌ സമർഥമായ മതപ്രീണന നീക്കം. മറുവശത്ത്‌ ബിജെപിയുമായുള്ള വോട്ടുകച്ചവടവും. ഇതു രണ്ടിന്റെയും ആകത്തുകയാണ്‌ പേരാവൂർ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിന്റെ മൂന്നാമൂഴം. തദ്ദേശ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നുമാസം പിന്നിട്ടപ്പോൾ ബിജെപിയുടെ 6727 വോട്ടുകളാണ്‌ ചോർന്നത്‌. 
ഡിസംബറിലെ തെരഞ്ഞെടുപ്പിൽ 15,683 വോട്ടുനേടിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ  8956 വോട്ടിലേക്ക്‌ കൂപ്പുകുത്തി. 2016ലും ബിജെപി വോട്ടുകൾ സണ്ണി ജോസഫിന്റെ പെട്ടിയിൽ വീണിരുന്നെങ്കിലും ഇത്തവണ കുറേക്കൂടി വ്യാപകമായിരുന്നു ഇടപാട്‌. എൽഡിഎഫിലെ കെ വി സക്കീർ ഹുസൈന്‌ അവകാശപ്പെട്ട വിജയം നേരിയ വോട്ടിന്‌ വഴുതിപ്പോയത്‌ യുഡിഎഫിന്റെ കോ–-ലീ–-ബി പരീക്ഷണം കാരണമാണെന്ന്‌ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. 
പത്തുവർഷം  വികസന പരമ്പര തീർത്തുവെന്ന്‌ അവകാശപ്പെട്ട സണ്ണി ജോസഫ്‌ ജയിച്ചാൽ മന്ത്രിയാവുമെന്നും സ്വാധീന മേഖലകളിലടക്കം പ്രചരിപ്പിച്ചിരുന്നു.  ജയിച്ചാൽ എംഎൽഎ മാത്രമല്ല എന്ന‌ ബോർഡ്‌ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്‌ യാദൃഛ്‌ചികമല്ല. വർഗീയ, വിദ്വേഷ പ്രചാരണം നിറഞ്ഞ നവമാധ്യമ നുണകളും യുഡിഎഫ്‌ സ്ഥാനാർഥിക്കുവേണ്ടി നിരന്നു.  വിഷലിപ്‌തമായ വിദ്വേഷ പരാമർശങ്ങളും സക്കീർ ഹുസൈനെതിരായ വ്യക്തിഗത ആക്ഷേപങ്ങളും ഡിസിസി സെക്രട്ടറിയുടെ ഫേസ്‌ബുക്കിൽ തന്നെ പ്രത്യക്ഷപ്പെട്ടു. 
പ്രത്യേക മത വിഭാഗത്തിന്റെ പേരിൽ ഒന്നിലധികം ഫെയ്സ് ബുക്ക് പേജുകൾ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ പ്രചാരണ പരമ്പരകൾ അഴിച്ചുവിടാൻ  പരിശ്രമിച്ചു.  ഒരു ഘട്ടത്തിലും യുഡിഎഫ്‌ സ്ഥാനാർഥി ഇത്തരം ചെയ്‌തികളെ തള്ളിപ്പറഞ്ഞില്ല.  
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ 5675 വോട്ട്‌ നേടിയ എൻഡിഎക്ക്‌ ഇക്കുറി 2947 വോട്ടുമാത്രം.  2728 വോട്ടുകളുടെ കുറവ്‌. യുഡിഎഫിനിത്‌ വൻ നേട്ടമായി.  പായത്ത്‌ 1196. മുഴക്കുന്നിൽ 882, പേരാവൂരിൽ 943 എന്നിങ്ങനെയാണ്‌ എൻഡിഎ പക്ഷത്തുനിന്ന്‌ വോട്ട്‌ യുഡിഎഫിലേക്ക്‌ ചോർന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ പലേടത്തും കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചു, അതല്ലെങ്കിൽ ബിജെപി വോട്ട്‌ ഇത്തവണ വൻതോതിൽ യുഡിഎഫിലേക്ക്‌ ഒഴുകിയെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top