14 May Friday

യുഡിഎഫിനും ബിജെപിക്കും തിരിച്ചടി എൽഡിഎഫ്‌ നേട്ടം അഭിമാനകരം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 കാസർകോട്‌

യുഡിഎഫിനും ബിജെപിക്കും  കനത്ത തിരിച്ചടിയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസന തുടർച്ചയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ കാസർകോട്‌ ജില്ലയും അഭിമാനകരമായ മുദ്ര പതിപ്പിച്ചു. ഇടതുപക്ഷം ജില്ലയിൽ സ്ഥായിയായ വളർച്ച പ്രകടിപ്പിക്കുകയാണ്. ആറുമാസം മുമ്പ് നടന്ന തദ്ദേശ  തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റം കൂടുതൽ ശക്തിയായി നിയമസഭാതെരഞ്ഞെടുപ്പിലും ആവർത്തിച്ചു. വോട്ടടിസ്ഥാനത്തിൽ മാത്രമല്ല സംഘടനാതലത്തിലും സിപിഐ എം  മുന്നേറുകയാണ്‌. 
 
മതേതരമനസ്‌ വിപുലപ്പെടുന്നു
ജില്ലയുടെ മതേതര മനസ്‌ കൂടുതൽ വിപുലപ്പെടുന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. ബിജെപിയെ പിന്നോട്ടടുപ്പിച്ചും യുഡിഎഫിനെ പിന്തള്ളിയുമാണ്‌ സിപിഐ എം നേതൃത്വത്തിൽ എൽഡിഎഫ് ജില്ലയിൽ  വലിയ മുന്നേറ്റമുണ്ടാക്കിയത്‌. മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും വർഗീയ രാഷ്ട്രീയം ഒരുപോലെ  നാട് തിരസ്കകരിച്ചു. കോൺഗ്രസ്‌ ഉപ്പുവച്ച കലം പോലെ  സ്വയം ശോഷിക്കുകയാണ്‌. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിലടക്കം കാലിടറി. അവരുടെ വർഗീയ രാഷ്‌ട്രിയത്തിനെതിരെ, ലീഗ്‌ കേന്ദ്രങ്ങളിലുള്ളവർ മാറിചിന്തിച്ചു തുടങ്ങി എന്നാണ്‌ ഫലം കാണിക്കുന്നത്‌. 
 
തൃക്കരിപ്പൂരും കാഞ്ഞങ്ങാടും 
50 ശതമാനത്തിലേറെ വോട്ട്‌ 
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനത്തിലേറെ നേടിയാണ് വിജയിച്ചത്. തൃക്കരിപ്പൂരിൽ 51.46 ശതമാനവും കാഞ്ഞങ്ങാട് 50.56 ശതമാനവും വോട്ട് ലഭിച്ചു. മുമ്പ് കോൺഗ്രസിന്റെ കുത്തകയായിരുന്നതും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എൽഡിഎഫിനൊപ്പം നിൽക്കുകയും ചെയ്യുന്ന ഉദുമയിൽ ഉയർന്ന ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. പെരിയയിലെ അനിഷ്ടസംഭവം എല്ലാ തെരഞ്ഞെടുപ്പ്‌ കാലത്തും വിറ്റുവോട്ടാക്കാമെന്ന യുഡിഎഫ്‌ മനക്കോട്ടയാണ്‌ ഉദുമയിൽ തകർന്നത്‌. മഞ്ചേശ്വരത്തും കാസർകോടും എൽഡിഎഫ് വോട്ടുകളുടെ എണ്ണവും വോട്ടു വിഹിതവും  വർധിച്ചു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ  പാറ പോലെ ഉറച്ചു നിന്നു. വലതുപക്ഷ കേന്ദ്രങ്ങളിൽ നല്ല മുന്നേറ്റം നടത്തിയുമാണ്‌  തിളക്കമാർന്ന വിജയം നേടിയത്‌.  
  മുസ്ലീം ലീഗ്, കോൺഗ്രസ്‌, ബിജെപി പാർടികൾക്ക് ശക്തി കേന്ദ്രങ്ങളിലുൾപ്പെടെ തിരിച്ചടിയുണ്ടായി. ലീഗിന് രണ്ടു മണ്ഡലങ്ങൾ നിലനിർത്താനായെങ്കിലും മഞ്ചേശ്വരം  മുതൽ തൃക്കരിപ്പൂർ വരെ വലിയ തോതിൽ കാലിടറി. നേതാക്കളുടെ അഴിമതിയും തട്ടിപ്പും സമുദായ വഞ്ചനയും അധികാരക്കൊതിയും കണ്ട് മനംമടുത്ത അണികൾ ലീഗിനെ കൈയൊഴിയുകയാണ്‌. കോൺഗ്രസിന് ജില്ലയിൽ നിന്ന് ഒരു എംഎൽഎ ഇല്ലാതായിട്ട്‌ മൂന്നരപതിറ്റാണ്ടായി . മഞ്ചേശ്വരത്ത്‌ കോൺഗ്രസുകാരുടെ വോട്ടാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌.
 
ന്യൂനപക്ഷങ്ങളുടെ പിന്തുണ 
വലിയതോതിൽ
മുസ്ലീം ന്യൂനപക്ഷ വിഭാഗം വൻതോതിലാണ് പിണറായി സർക്കാരിനെയും എൽഡിഎഫിനെയും സ്വീകരിച്ചത്‌. ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനും തിരിച്ചടിയുണ്ടായി. മഞ്ചേശ്വരത്ത് മാത്രമാണ് വർഗീയതയും പണാധിപത്യവും  ഇറക്കി കുറച്ച് വോട്ട് വർധിപ്പിക്കാനായത്.  ലീഗ് നടത്തുന്ന വർഗീയ ധ്രുവീകരണത്തോടുള്ള പ്രതികരണമെന്നോണമാണ് ബിജെപിയും വർഗീയതീക്കളി നടത്തി മഞ്ചേശ്വരത്ത് വളരാൻ ശ്രമിക്കുന്നത്. ഇതേ ശ്രമം നടക്കുന്ന കാസർകോട്‌ ജില്ലാ പ്രസിഡന്റ് മത്സരിച്ചിട്ടും ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളിൽപോലും  വോട്ടുകുറഞ്ഞു. ജില്ല സെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദയും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top