13 May Thursday
കലാശം കെങ്കേമം

നഗരഹൃദയങ്ങൾ 
കീഴടക്കി ശിവൻകുട്ടി

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021

പൂജപ്പുരയിൽ എൽഡിഎഫ് പ്രവർത്തകരുടെ റാലി

തിരുവനന്തപുരം
ഉച്ചതിരിഞ്ഞൊരു ഓട്ടപ്രദക്ഷിണം. വാർഡുകളിൽനിന്ന്‌ വാർഡുകളിലേക്ക്‌ തുറന്ന വാഹനത്തിൽ വി ശിവൻകുട്ടി. പ്രത്യാഭിവാദ്യവുമായി റോഡിന്‌ ഇരുപുറവും. നേമം ജയിക്കണം എൽഡിഎഫിനൊപ്പം എന്ന അലയൊലിലാണ്‌ എങ്ങും. നേർസാക്ഷ്യമായി സ്ഥാനാർഥി കടന്നുപോയ പ്രദേശങ്ങൾ. ഇവിടങ്ങളിൽ മാത്രമായിരുന്നില്ല ആവേശം. എല്ലാ വാർഡിലും നാടാകെ ഏറ്റെടുത്ത സ്ഥാനാർഥിയുടെ   സന്ദർശനം. ഇത്‌ മണ്ഡലമാകെ സൃഷ്ടിച്ചത്‌ ജയാരവത്തിന്റെ കാഹളം. കോവിഡ്‌ പെരുമാറ്റച്ചട്ടം പാലിച്ചുള്ള റോഡ്‌ ഷോയും മാതൃകയായി. 
പാവപ്പെട്ടവരുടെയും അശരണരുടെയും ആശയും ആശ്രയവുമായി നിലകൊണ്ട സർക്കാരിനുള്ള പിന്തുണയാണ്‌ എങ്ങും കാണാനായത്‌. 1600 രൂപ ക്ഷേമ പെൻഷൻ വാങ്ങിയവരും പുതുക്കിയ ശമ്പളവും പെൻഷനുമൊക്കെ സ്വീകരിച്ചവരുമൊക്കെ വലിയ ആവേശത്തിലാണ്‌. നാടാകെ ജനപക്ഷ സർക്കാരിനൊപ്പമാണ്‌. വർഗീയതയുടെ ചെടി പടർന്നുപന്തലിക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യമാണ്‌ എങ്ങും‌. ദേശാടനപ്പക്ഷികളെപ്പോലെ തെരഞ്ഞെടുപ്പുകാലത്ത്‌ എത്തുന്നവരെ സ്വീകരിക്കില്ലെന്നാണ്‌ നേമത്തുകാരുടെ പൊതുനിലപാട്‌. 
കരമന ജങ്‌ഷനിൽനിന്നാണ്‌ സ്ഥാനാർഥിയുടെ വാഹനസന്ദർശന പരിപാടി ആരംഭിച്ചത്‌. നെടുങ്കാട്‌, കാലടി, ചിറമുക്ക്‌, കളിപ്പാൻകുളം, കമലേശ്വരം, മുട്ടത്തറ, എസ്‌എം ലോക്ക്‌, അമ്പലത്തറ, തിരുവല്ലം, വാഴമുട്ടം, പാച്ചല്ലൂർ, വണ്ടിത്തടം, പുഞ്ചക്കരി, കരുമം മാടൻകര, മേലാങ്കോട്‌, കാരയ്‌ക്കാമണ്ഡപം, പാപ്പനംകോട്‌, എസ്‌റ്റേറ്റ്‌, തൃക്കണ്ണാപുരം, തിരുമല, പുന്നയ്‌ക്കാമുകൾ, മുടവൻമുകൾ മേഖലയിലായിരുന്നു പര്യടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top