25 May Monday
അകവും മനവും നിറയ്‌ക്കാൻ പച്ചക്കറി കൃഷി

ഞങ്ങൾ തുടങ്ങി നിങ്ങളോ..?

സ്വന്തം ലേഖികUpdated: Sunday Apr 5, 2020

വീട്ടുവളപ്പിൽ പച്ചക്കറിവിത്ത്‌ നടുന്ന പുത്തൻകുന്ന് കോടാലി റഷീദ്‌

കൽപ്പറ്റ
കൃഷി ചെയ്യാൻ ആദ്യം വേണ്ടത് മനസാണ്. മനസുണ്ടെങ്കിൽ സ്ഥലവും സൗകര്യവുമെല്ലാം താനേ വരും. കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ വാക്കുകൾ നെഞ്ചോട് ചേർത്ത് ജില്ലയും ഒരു മനസായി കൃഷിയിലേക്കിറങ്ങുന്നു. കോവിഡ് കാലത്ത് വീണ് കിട്ടിയ ഒഴിവ് സമയം ചെലവിടാൻ മാത്രമല്ല അതിർത്തി മണ്ണിട്ടടച്ച് നമ്മെ പട്ടിണിയിലാക്കുന്നവരോടുള്ള  മധുരപ്രതികാരം കൂടിയായാണ് ജില്ല ഏറ്റെടുത്തിരിക്കുന്നത്. നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ വിപുലമായും വീട്ട് വളപ്പിൽ അടുക്കള തോട്ടമായും പച്ചക്കറി കൃഷി തുടങ്ങി കഴിഞ്ഞു. നിലവിൽ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ‘ജീവനി,നമ്മുടെ കൃഷി’ നമ്മുടെ ആരോഗ്യം എന്ന പദ്ധതിയിലൂടെ പച്ചക്കറികൃഷി നടത്തുന്നുണ്ട്‌. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണത്തളിക തയാറാക്കി അതിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ സഹകരണത്തോടെ വീട്ട് വളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയാണ്‌  ജീവനിയിലൂടെ ചെയ്യുന്നത്. കോവിഡ് വന്നതോടെ നടീൽ വസ്തുക്കളുടെ വിതരണം തടസമായി. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്ത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് നീങ്ങുന്നത്.  നടീൽ വസ്തുക്കളുടെ വിതരണം തുടങ്ങി. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും നടത്തുന്ന കാർഷിക നേഴ്സറികളിൽനിന്നാണ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നത്. കൂടാതെ വിഎഫ്‌പിസികെ തയ്യാറാകുന്ന പച്ചക്കറി വിത്തുകൾ അടുത്ത ദിവസം വിതരണത്തിനെത്തും. രണ്ടരലക്ഷം കിറ്റ് വിത്തുകളാണ് വിതരണം ചെയ്യുക. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന നേഴ്സറികളിൽനിന്ന് ലക്ഷക്കണക്കിന് തൈകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. അഗ്രോ സർവീസ് സെന്ററുകൾ തയ്യാറാക്കുന്ന തൈകളും കൃഷി വകുപ്പ് വിലക്കെടുത്ത് വിതരണം ചെയ്യുന്നുണ്ട്‌. സർക്കാർ സബ്സിഡിയോടെ നിർമിച്ച പോളിഹൗസുകളിൽ തയ്യാറാക്കിയ തൈകൾ വില കൊടുത്ത് വാങ്ങിയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ബത്തേരി ബ്ലോക്കിൽ 91650 തൈകൾ വിതരണത്തിന് തയാറായതായി കൃഷി ഓഫീസർ സുമിന പറഞ്ഞു. 
വലിയ ആശ്വാസം
കൽപ്പറ്റ
"സർക്കാർ പച്ചക്കറി സംഭരിക്കുന്നത് വലിയ ആശ്വാസമാണ്. കോവിഡിൽ കുടുങ്ങി വിളവെടുത്ത നേന്ത്രക്കായ വിൽക്കാൻ കഴിയാതെ വന്നപ്പോളാണ് ഹോർടികോർപ്പ് സംഭരിച്ചത്’ പുത്തൻകുന്ന് കോടാലി റഷീദ് പറഞ്ഞു. റഷീദും സഹോദരൻമാരും ചേർന്ന് രണ്ടേക്കിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി,  മത്തൻ,  പയർ തുടങ്ങി എല്ലാതരം പച്ചക്കറികളും ഇവർ കൃഷി ചെയ്യുന്നു. വിഎഫ്പിസി കെയാണ് പച്ചക്കറി വാങ്ങുന്നത്. ഇപ്പോൾ ആവശ്യക്കാർ നേരിട്ടെത്തി തോട്ടത്തിൽനിന്ന് തന്നെ ശേഖരിക്കുന്നുവെന്നും റഷീദ് പറഞ്ഞു. 
ഹെൽപ്പ്  ലൈൻ തുടങ്ങി
കൽപ്പറ്റ
പച്ചക്കറികൃഷി വ്യാപിപ്പിക്കാനും  സംശയങ്ങൾ പരിഹരിക്കാനും കൃഷിവിജ്ഞാന കേന്ദ്രം   ഹെൽപ്പ്  ലൈൻ തുടങ്ങി.   പുരയിടകൃഷി, പച്ചക്കറി കൃഷി,  വെർട്ടിക്കൽ ഫാർമിങ്, ടെറസിലെ കൃഷി തുടങ്ങിയ  വിവരങ്ങൾ   ലഭിക്കും.  വീഡിയോകൾക്ക്  കാർഷിക  സർവകലാശാല വെബ്സൈറ്റ് (www.kau.in) അല്ലെങ്കിൽ വിജ്ഞാനവ്യാപന  ഡയറക്ടറേറ്റ്   ഫേസ്ബുക് പേജ് സന്ദർശിക്കാം. ഉൽപ്പാദന രീതികൾക്കായി  FEM@Mobile എന്ന ആപ്പ്  ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്യാം.  ഫോൺ. 9447904859, 8468990086, 8281366754. 9497317898.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top