04 February Saturday

ഓവേലിക്കാർ ത്രില്ലിൽ:

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഓവേലി സിനിമയിൽനിന്ന്‌

ഗൂഡല്ലൂർ
സ്വന്തം ഗ്രാമത്തിന്റെ കഥയുടെ ചുരളഴിയാൻ ആകാംക്ഷയോടെ ഓവേലിക്കാർ. നീലഗിരി ഗൂഡല്ലൂരിലെ ഓവേലി  പ്രധാന ലൊക്കേഷനായി ചിത്രീകരിച്ച ‘ഓവേലി’ സിനിമയാണ്‌ ഡിസംബർ രണ്ടാം വാരത്തോടെ തിയറ്ററിലെത്തുന്നത്‌. ഇതാദ്യമായാണ്‌ ഓവേലിയിൽ പൂർണസമയ ചിത്രീകരണം നടക്കുന്നതെന്ന്‌ ഓവേലിക്കാർ പറഞ്ഞു.  പ്രകൃതിരമണീയവും നിബിഡവനങ്ങളുള്ളതുമായ  പ്രദേശമാണ്‌ ഓവേലി. അവിടെ വന്യമൃഗശല്യമടക്കം നേരിട്ടാണ്‌ ഭൂരിഭാഗം കർഷകരായ ഗ്രാമീണ ജനത  ജീവിക്കുന്നത്‌. തങ്ങളുടെ ജീവിതഗന്ധിയായ കഥ അഭ്രപാളിയിൽ തെളിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന്‌ നാട്ടുകാർ പറഞ്ഞു.
 ക്രൈം ത്രില്ലർ മൂവിയാണ് ഓവേലി.  സാമൂഹ്യസേവനരംഗത്ത്‌  പ്രവർത്തിക്കുന്ന  കർഷകനായ മുരുകേശന്റ മരണവും ചുറ്റിപ്പററിയുള്ള ദുരുഹതകളും മറനീക്കുന്ന ക്രൈം ത്രില്ലർ മൂവിയാണ്‌ ഓവേലിയെന്ന്‌ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.  കാട്ടാനയുടെ ആക്രമണത്തിൽ മുരുകേശന്റ ഭാര്യ ഗ്രേസി അകാലത്തിൽ മരിക്കുന്നു. അദ്ദേഹത്തിന്റെ ഏക മകൾ ഇളവരസിക്ക്  ഐഎഎസ്സുകാരിയാകണമെന്നതാണ് ആഗ്രഹം. പ്രകൃതിസ്‌നേഹിയായ മുരുകേശനോട് നഗരത്തിലെ ഒരു പ്രമുഖന് ശത്രുതയുണ്ട്. ഇതിനിടെ ഒരു ദിവസം മുരുകേശനെ ഒരു മരത്തിൽ  തുങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നു. ആത്മഹത്യയാണെന്ന് പൊലീസ് കേസ് അവനാനിപ്പിച്ചുവെങ്കിലും  മകൾ ഇളവരസി അത് വിശ്വസിക്കുന്നില്ല. അച്ഛന്റെ മരണം കൊലപാതകമെന്ന്‌ വിശ്വസിക്കുന്ന ഇളവരസി നടത്തുന്ന അന്വേഷണവും മുരുകേശന്റെ മരണത്തിനു പിന്നിലെ ദുരൂഹത വെളിപ്പെടുത്തുന്നതുമാണ്‌  കഥ.
മാജിക് കാർപറ്റ് ക്രിയേഷൻസിന്റെ ബാനറിൽ അനിത സുദർശനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ  തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌ ഗൂഡല്ലൂർ സ്വദേശി സുൽഫിയാണ്. ഗൂഡല്ലൂർ സ്വദേശികളായവരും സിനിമയിൽ ചില പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top