20 October Sunday

കാസർകോട്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ക്രമക്കേട്‌ പിഴ, വലിയ പിഴ; ഏറ്റുപറഞ്ഞ്‌ കെസിഎ ട്രഷറർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
കെ സി ലൈജുമോൻ
കാസർകോട്‌
ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യ മുണ്ടോട്‌ സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ. ഭൂമി കൈയേറ്റം സംബന്ധിച്ച പരാതിയിൽ കലക്ടർ ഡോ. ഡി സജിത്‌ബാബു മുമ്പാകെയാണ്‌ കെസിഎ ട്രഷറർ കെ എം അബ്ദുൾറഹ്മാൻ കുറ്റസമ്മതം നടത്തിയത്‌. "ജില്ലയിൽ മികച്ച സ്‌റ്റേഡിയം വരുന്നതിനെ സദുദ്ദേശത്തോടെയും ക്രിക്കറ്റിന്റെ ഭാവിക്ക്‌ ഗുണകരമാകുമെന്നും കണക്കാക്കിയാണ്‌ അനുയോജ്യമായ സ്ഥലം കിട്ടിയപ്പോൾ വാങ്ങിയത്‌. സ്‌റ്റേഡിയത്തിന്‌ നടുവിലൂടെയുണ്ടായിരുന്ന സർക്കാർ പുറമ്പോക്ക്‌ തോട്‌ നികത്തിയതിന്‌ സർക്കാർ നിർദേശിക്കുന്ന നഷ്ടപരിഹാര തുക അടയ്‌ക്കാൻ കെസിഎ ഒരുക്കമാണ്‌'. കെ എം അബ്ദുൾറഹ്മാൻ മൊഴിയിൽ പറയുന്നു.  
     സർക്കാർ സ്ഥലം കൈയേറി നിർമാണ പ്രവർത്തനം നടത്തിയ ശേഷം  നഷ്ടപരിഹാരം നൽകാമെന്ന നിലപാട്‌ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണ്‌. ക്രിമിനൽ കുറ്റമാണെന്നിരിക്കെ ഏതുവിധേനയും രക്ഷപ്പെടാനുള്ള കെസിഎ ഭാരവാഹികളുടെ തത്രപ്പാടാണ്‌ കലക്ടർക്ക്‌ മുമ്പാകെ നൽകിയ മൊഴിയിലൂടെ പുറത്തുവന്നത്‌.  സ്‌റ്റേഡിയവും ഗ്രൗണ്ടും സ്ഥിതിചെയ്യുന്നത് സർക്കാർ സ്ഥലം നികത്തിയ ഭൂമിയിലാണെന്ന് 2018 സെപ്തംബറിൽ ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ്‌ ഉദ്യോഗസ്ഥർക്കും കെസിഎയ്‌ക്കുമെതിരായ നടപടിയിലേക്കെത്തിയത്‌.  
കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഭൂസംബന്ധമായ നിലവിലുള്ള നിയമങ്ങളെല്ലാം ലംഘിച്ചതിന് 2009ലെ പരിഷ്‌കരിച്ച കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് കാസർകോട്‌ തഹസിൽദാറും 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്‌ അനുസരിച്ച് കൈയേറ്റത്തിനും അനുമതിയില്ലാതെ ഭൂമി നികത്തിയതിനും തരംമാറ്റിയതിനും ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയും നിയമനടപടി സ്വീകരിക്കും. 
കെസിഎയ്‌ക്കുവേണ്ടി നിയമലംഘനം നടത്തിയ വില്ലേജ് ഓഫീസർക്ക്‌ രണ്ടുദിവസത്തിനുള്ളിൽ ഷോക്കോസ്‌ നോട്ടീസ്‌ നൽകുമെന്ന്‌ എഡിഎം എൻ ദേവിദാസ്‌ പറഞ്ഞു. വിശദീകരണം കേട്ട ശേഷം തുടർനപടിയിലേക്ക്‌ കടക്കും. അനധികൃത ക്രിക്കറ്റ് സറ്റേഡിയം നിർമാണം  തടയുന്നതിൽ വീഴ്ച വരുത്തിയ അന്നത്തെ  ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നടപടിയെടുക്കും.
പ്രധാന വാർത്തകൾ
 Top