23 September Wednesday
4 വാർഡിൽ ട്രിപ്പിൾ ലോക്‌ഡൗൺ

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു

സ്വന്തം ലേഖകന്‍Updated: Tuesday Aug 4, 2020
പത്തനാപുരം
കണ്ടെയ്‌ൻമെന്റ്‌ സോണായതിനെ തുടർന്ന്‌ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. കുണ്ടയം, കാരംമൂട്, മൂലക്കട, മാര്‍ക്കറ്റ് വാര്‍ഡുകളിൽ ട്രിപ്പിള്‍ ലോക്ഡൗൺ ഏർപ്പെടുത്തും. ഇവിടെ സമ്പര്‍ക്കം മൂലം അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കമുള്ളവർക്ക്‌ തിങ്കളാഴ്‌ച റാപ്പിഡ്‌ ടെസ്റ്റ്‌ നടത്തി. ഇതില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള പലരുടെയും സ്രവം ശേഖരിച്ചു. ചൊവ്വാഴ്ച ഫലം വരും. സംശയത്തിലുള്ള പലരുടെയും ഫലം പോസിറ്റീവാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. ഇവരില്‍ പലരുടെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ഇതിനാലാണ് മേഖല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്‌ പോയത്‌. വാര്‍ഡുകളിലെ ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ പൊലീസ് അടച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുക്കാനും തീരുമാനമായി. ചെറിയ റോഡുകളിലും പൊലീസ് നിയന്ത്രണമുണ്ട്. അനാവശ്യ സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മേഖലയില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top