24 August Saturday

ചിന്മയമിഷൻ കോളേജ‌് വിദ്യാർഥിനിക്ക‌് അധ്യാപികമാരുടെ മാനസിക പീഡനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

ചിന്മയ മിഷൻ കോളേജിലേക്ക‌് എസ‌്എഫ‌്ഐ നടത്തിയ പ്രതിഷേധമാർച്ച‌്.

 കണ്ണൂർ

തളാപ്പ് ചിന്മയാമിഷൻ വനിതാ കോളേജിൽ നിയമാധ്യാപികയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥിനിയെ  അധ്യാപികമാർ മാനസികമായി പീഡിപ്പിച്ചതായി പരാതി. 
സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പ്രിൻസിപ്പലിന്റെ  നേതൃത്വത്തിൽ  സംസാരിച്ചിരുന്നു. മകൾക്കുവേണ്ടി മാപ്പ് ചോദിക്കുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞതോടെ പ്രശ്നം അവസാനിക്കുകയും ചെയ‌്തു. രക്ഷിതാക്കൾ കോളേജിൽനിന്ന് പോയതിനു ശേഷം ക്ലാസിലിരുന്ന വിദ്യാർഥിനിയെ കൊമേഴ‌്സ‌് വിഭാഗം മേധാവി ഗീത സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വരുത്തി  മറ്റ് അധ്യാപകരുടെ മുന്നിൽ വച്ച്  അധിക്ഷേപിച്ച് സംസാരിച്ചു. പിന്നീട് നിർബന്ധിച്ച് ലൈബ്രറിയിലേക്ക്  കൂട്ടിക്കൊണ്ടുപോയി വിദ്യാർഥികളെ മുൻനിർത്തി സമരത്തിന് നേതൃത്വം നൽകിയത് ലൈബ്രേറിയനാണെന്ന് പറഞ്ഞ് അവരോടും വിദ്യാർഥിനിയോടും കയർത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മനസികമായി തളർന്ന വിദ്യാർഥിനിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന‌് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കോളേജിലെ നിയമാധ്യാപികയെ പുറത്താക്കിയപ്പോൾ വിദ്യാർഥികൾ ഒറ്റക്കെട്ടായി പഠിപ്പ് മുടക്കി സമരം ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി കോളേജ് മാനേജ്മെന്റ് ഈ വർഷം ഒന്നാം വർഷ പ്രവേശനം നടത്തിയില്ല. സമരത്തിൽ പങ്കെടുത്തവരെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥിനിയുടെ പരാതിയിൽ വനിതാ സെൽ സിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിന്മയാ മിഷൻ കോളേജിലെ വിദ്യാർഥി പീഡനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തി.  ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി പി ഷിജു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ, പി കിരൺ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top