25 August Sunday

എൽഡ‌ിഎഫ‌് അക്രമം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

കൊല്ലം

എൻ  കെ പ്രേമചന്ദ്രന്റെ സ്വീകരണയാത്രയ്ക്ക‌ു നേരെ പൂതക്കുളത്ത‌് എൽഡിഎഫ‌് പ്രവർത്തകർ ആക്രമണം കാട്ടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതക്കുളം പഞ്ചായത്തിൽ പ്രേമചന്ദ്രന്റെ സ്വീകരണ പരിപാടികൾ ആരും തടസ്സപ്പെടുത്തിയിട്ടില്ല. സ്വീകരണ പരിപാടികൾക്ക‌് മണിക്കൂറുകൾക്ക‌ു മുമ്പ‌് കോൺഗ്രസ‌് പ്രവർത്തകരാണ‌് പ്രകോപനം സൃഷ്ടിച്ചത‌്. 

കരടിമുക്കിൽ എൽഡിഎഫ്‌  നേരത്തെ സ്ഥാപിച്ചിരുന്ന‌ കൊടി മാറ്റിയശേഷം കോൺഗ്രസ‌ുകാർ സ്വീകരണം ഒരുക്കുകയായിരുന്നു. ഇതിനെ എൽഡിഎഫ്‌ പ്രവർത്തകർ ചോദ്യം ചെയ്തു. പൊലീസ‌് ഇടപെട്ട‌് ഇവരെ നീക്കം ചെയ്യുകയായിരുന്നു.സ്വീകരണത്തിന‌് മണിക്കൂറുകൾ മുമ്പാണ‌് മുക്കടയിൽ പ്രശ‌്നങ്ങൾ ഉണ്ടായത‌്. കുടുംബശ്രീയുടെ കുട്ടികളുടെ അവധിക്കാല പഠനക്യാമ്പ‌് മുക്കട മംഗളോദയം വായനശാലയിൽ നടക്കുന്നതിനിടെ കോൺഗ്രസ‌് പ്രവർത്തകനായ രാധാകൃഷ്ണപിള്ള മദ്യപിച്ചെത്തുകയും സ‌്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ‌്തു. സ്വീകരണത്തിന‌് ഏവരും ഇറങ്ങിച്ചെല്ലണമെന്ന‌ രാധാകൃഷ്ണപിള്ളയുടെ ആവശ്യം പഠനക്യാമ്പിലുള്ളവർ നിരസിച്ചു. 

പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് വി ജി ജയ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ‌് പഠനക്യാമ്പ‌് നടന്നിരുന്നത‌്. കുട്ടികളെ സ്വീകരണ പരിപാടിക്ക‌് അയക്കാൻ കഴിയില്ലെന്ന‌് സംഘാടകർ പറഞ്ഞപ്പോഴാണ‌് രാധാകൃഷ്ണപിള്ള അസഭ്യം പറഞ്ഞത‌്. ഇതിനിടെ ഇടതുമുന്നണി പ്രവർത്തകനായ മഹേന്ദ്രൻ സ്ഥലത്തെത്തുകയും രാധാകൃഷ്ണപിള്ളയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ സമയത്ത‌് രാധാകൃഷ്ണപിള്ള മഹേന്ദ്രനെ പിടിച്ചുതള്ളി അസഭ്യം പറഞ്ഞു. 

ഇതിനിടെയാണ‌് രാധാകൃഷ്ണപിള്ളയ‌്ക്ക‌് പരിക്കേറ്റത‌്. ആക്രമണത്തിൽ പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് വി ജി ജയ പരവൂർ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട‌്. എൽഡിഎഫിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ‌് പൂതക്കുളത്ത‌് നടക്കുന്നത‌്. സംഭവത്തെ പർവതീകരിച്ച‌് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ‌് പ്രേമചന്ദ്രനും യുഡിഎഫ‌ും നടത്തുന്നതെന്ന‌ും എൽഡിഎഫ‌് ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ ചൂണ്ടിക്കാട്ടി.

പ്രധാന വാർത്തകൾ
 Top