15 May Saturday

ജനകീയമന്ത്രിമാരെ നെഞ്ചേറ്റി ജനത

സയൻസൺUpdated: Tuesday May 4, 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ കലക്‌ടറേറ്റിലെത്തിയ മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരൻ സമീപം (ഫയൽ ചിത്രം)

 
കോഴിക്കോട്‌
നിപായും പ്രളയവും കോവിഡിന്റെ ഒന്നാം വരവും പ്രതിസന്ധി തീർത്തപ്പോൾ ആശ്വാസവുമായി ഒപ്പംനിന്ന മന്ത്രിമാരെ നാട്‌ ഹൃദയത്തിലേറ്റി. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ എ കെ  ശശീന്ദ്രനും ടി പി രാമകൃഷ്ണനും ലഭിച്ച  വിജയം   ജനതയോടുള്ള കരുതലിന്റെ പ്രതിഫലനം. ജില്ലയിലെ  ഉയർന്ന ഭൂരിപക്ഷത്തിലാണ് ഗതാഗതമന്ത്രിയായ എ കെ  ശശീന്ദ്രൻ എലത്തൂരിൽ വിജയിച്ചത്‌.  38,502 വോട്ടാണ്‌ ഭൂരിപക്ഷം.  2011-ൽ 14,654 വോട്ടും 2016-ൽ 29,607- വോട്ടുമായിരുന്നു  ഭൂരിപക്ഷം. യുഡിഎഫ്‌ ഭരിക്കുന്ന ചേളന്നൂർ പഞ്ചായത്തിലും കോർപറേഷൻ പരിധിയിലെ എലത്തൂർ ഡിവിഷനിലും ശശീന്ദ്രൻ മുന്നിലെത്തി. നന്മണ്ട, കക്കോടി, കാക്കൂർ, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിലും ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, പുതിയാപ്പ  ഡിവിഷനുകളിലും മികച്ച പിന്തുണ ലഭിച്ചു. ആകെയുള്ള 2,03,267 വോട്ടർമാരിൽ 1,58,728 പേർ വോട്ട്‌ രേഖപ്പെടുത്തി.  83,639 വോട്ട് നേടിയാണ് ശശീന്ദ്രൻ വിജയകിരീടം ചൂടിയത്‌. ഇതിന്റെ പകുതി വോട്ട്‌ മാത്രമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി സുൽഫിക്കർ മയൂരിക്ക്‌ കിട്ടിയത്‌. 45,137 വോട്ട് മാത്രം.  ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ ഇവിടെ 67,280 വോട്ട്‌ യുഡിഎഫിന്‌ ലഭിച്ചിരുന്നു.  പണമിറക്കി പ്രചരണം നടത്തിയിട്ടും   എൻഡിഎ സ്ഥാനാർഥി  ടി പി  ജയചന്ദ്രന് 32,010 വോട്ടാണ്‌ കിട്ടിയത്‌.  2016–--നേക്കാൾ 2900-ത്തോളം വോട്ടിന്റെ വർധനമാത്രമാണ് ബിജെപിക്ക്‌  ഉണ്ടായത്.   
 എൻസിപി  ദേശീയ പ്രവർത്തകസമിതി അംഗമായ ശശീന്ദ്രൻ  2011-ലും 2016ലും എലത്തൂരിൽ നിന്ന്‌   ജയിച്ചിരുന്നു. 2006-ൽ ബാലുശേരി,  1982-ൽ എടക്കാട്‌,  1980-ൽ പെരിങ്ങളം എന്നിവിടങ്ങളിൽ നിന്ന്‌  നിയമസഭയിലെത്തി.  1982 മുതൽ 1999 വരെ കോൺഗ്രസ് എസി-ന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി.  
 ടി പിക്കും 
വിജയത്തിളക്കം   
തൊഴിൽ എക്‌സൈസ്‌ മന്ത്രിയായി തിളങ്ങിയ ടി പി രാമകൃഷ്‌ണന്‌ 22,596 വോട്ട്‌ ഭൂരിപക്ഷം നൽകിയാണ്‌  പേരാമ്പ്രക്കാർ വീണ്ടും സഭയിലേക്കയക്കുന്നത്‌.  2016ലെ 4101 വോട്ടിന്റെ ഭൂരിപക്ഷം 2021 ആയപ്പോഴേയ്‌ക്കും  22,596 ലേക്കെത്തി. അഞ്ചുവർഷവും ജനഹിതത്തിനൊപ്പമായിരുന്നു   മന്ത്രി എന്നതിന്റെ   സൂചനയാണിത്‌.  അഞ്ചുവർഷത്തിനിടെ മണ്ഡലത്തിന്‌ ആയിരം കോടി രൂപയുടെ വികസനം സമ്മാനിച്ച‌‌ ടിപിയെ പേരാമ്പ്ര ഇരുകരവും നീട്ടിയാണ്‌  സ്വീകരിച്ചത്‌.   ആരോപണങ്ങൾക്കൊന്നും  ഇടനൽകാതെ  തൊഴിൽ –-എക്‌സൈസ്‌ മന്ത്രിയെന്ന നിലയിൽ സംശുദ്ധമായ പ്രവർത്തനം കാഴ്‌ചവച്ചു.   2001ലും 2016ലും നിയമസഭയിൽ പേരാമ്പ്രയെ പ്രതിനിധീകരിച്ചു. പേരാമ്പ്രയുടെ സർവതോന്മുഖമായ വികസനത്തിനായി ടി പി നടത്തിയ ഇടപെടലുകൾക്കുള്ള നാട്ടുകാരുടെ അഭിവാദനമാണ്‌ റെക്കോർഡ്‌ വോട്ടും ഭൂരിപക്ഷവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top