27 May Wednesday
കൊയ്‌ത്ത്‌ അതിവേഗം; സംഭരണവും

കുട്ടനാടൻ വിജയഗാഥ

സ്വന്തം ലേഖകന്‍Updated: Saturday Apr 4, 2020

കുട്ടനാട്ടിലെ പാടശേഖരത്തിൽ കൊയ്‌ത്ത്‌ പുരോഗമിക്കുന്നു

ആലപ്പുഴ
കോവിഡ്‌ മുൻകരുതലുകൾക്കിടയിലും  ജില്ലയിൽ  കൊയ്‌ത്തും നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. പുഞ്ചകൃഷിയിൽ അമ്പത്‌ ശതമാനത്തിലെറെ പാടശേഖരങ്ങളിലെ കൊയ്‌ത്ത്‌ ഇതിനകം പൂർത്തിയായി. 13,361 ഹെക്‌ടറിലെ കൊയ്‌ത്താണ്‌ കഴിഞ്ഞത്‌. ഇനി കൊയ്യാനുള്ളത്‌ 13,033 ഹെക്‌ടർ പാടം. വെള്ളിയാഴ്‌ചവരെ 77,100 മെട്രിക് ടൺ നെല്ല് ലഭിച്ചു. ഇതിൽ 69,300 മെട്രിക് ടൺ സംഭരിച്ചു.  ലോക്‌ഡൗൺ കാലത്ത്‌ കൊയ്‌ത്തും നെല്ല് സംഭരണവും അവശ്യസർവീസായി പ്രഖ്യാപിച്ചതും അതു കാര്യക്ഷമമായി നടപ്പാക്കാൻ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനം ഉണർന്ന്‌ പ്രവർത്തിച്ചതുമാണ്‌ പ്രതിസന്ധിയെ മറകടക്കാൻ ജില്ലയെ തുണച്ചത്‌. 
സർക്കാർ പ്രഖ്യാപനം വന്ന പിറ്റേന്നുതന്നെ മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്‌തതോടെ കൊയ്‌ത്തും  സംഭരണവും അതിവേഗത്തിലായി. എല്ലാ ആഴ്‌ചയും മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ കൊയ്‌ത്തും സംഭരണവും അവലോകനം ചെയ്‌തു. 
300 യന്ത്രങ്ങളാണ്‌ ജില്ലയിൽ നെല്ല് കൊയ്യുന്നത്‌. നീലംപേരൂർ പഞ്ചായത്തിലാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്‌. 3200 ഹെക്‌ടറിൽ. അവിടെ മാത്രം 12 യന്ത്രങ്ങളും 274 കർഷകത്തൊഴിലാളികളും വിളവെടുപ്പിൽ ഏർപ്പെട്ടിട്ടുണ്ട്‌.  
ലോവർ കുട്ടനാട്‌ മേഖലയിലാണ്‌ ഇനി കൊയ്യാനുള്ള പാടശേഖരങ്ങൾ. മറ്റിടങ്ങളെ അപേക്ഷിച്ച്‌ വിളവ്‌ ഇവിടെ വർധിക്കും. അതിനാൽ 1,30,500 മെട്രിക് ടൺ നെല്ല് കിട്ടുമെന്നാണ്‌ പ്രതീക്ഷ. ഏപ്രിൽ  അവസാനത്തോടെ 80 ശതമാനം നെല്ലും വിളയും. മെയ്‌ രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളം കൊയ്‌ത്തിന്‌ തയ്യാറാകും.
സർക്കാരിന്റെ ക്രിയാത്മക ഇടപെടലാണ്‌ ലോക്ക്‌ഡൗണിലും കൊയ്‌ത്തും സംഭരണവും സുഗമമായി നടത്താൻ വഴിയൊരുക്കിയതെന്ന്‌ മന്ത്രി ജി സുധാകരൻ പറഞ്ഞു.  അവശ്യസർവീസ്‌ പ്രഖ്യാപനത്തിനും മന്ത്രിതല യോഗത്തിനും പിന്നാലെ സംഭരണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. കാലടിയിലെ മില്ലുകളിൽ നെല്ല് ഇറക്കുന്നതിന് തടസ്സം നേരിട്ടാൽ ഇടപെടലിനായി കലക്‌ടറെ ചുമതലപ്പെടുത്തി. 
ഗുണനിലവാര പരിശോധനയ്‌ക്കായി അഞ്ചുടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൊയ്‌ത്തിന്‌ പ്രോട്ടോക്കോൾ ഏർപ്പെടുത്തിയത്‌ വലിയ വിജയമായി. പ്രതിദിനം 150 ലോഡ് നെല്ല് സംഭരിച്ച് നീക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top