Deshabhimani

മഴക്കെടുതിയിൽ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:49 AM | 0 min read

 കോട്ടയം

ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രണ്ടുദിവസമായി ജില്ലയിലും ശക്‌തമായ മഴ ലഭിച്ചു. തിങ്കളാഴ്‌ച പകൽ മഴയുടെ ശക്‌തികുറഞ്ഞെങ്കിലും രാത്രിയോടെ ശക്തിയാർജിച്ചു. പുലർച്ചെവരെ അതിശക്തമായ മഴയുണ്ടായി.  നദികളിൽ ജലനിരപ്പുയർന്ന്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നെങ്കിലും അപകടനിലയ്‌ക്ക്‌ താഴെയാണ്‌. 
വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. അതിശക്തമായ മഴ സാധ്യതയുടെ പശ്‌ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കലക്ടറേറ്റിലും താലൂക്ക്‌ ഓഫീസുകളിലും തുറന്നിട്ടുണ്ട്‌. നാലുവരെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്‌. രാത്രികാല യാത്രയും മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്‌. 
കങ്ങഴ ഇടയരിക്കപ്പുഴയിൽ തോട് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. ഞായർ വൈകിട്ട് പെയ്ത കനത്ത മഴയിൽ കങ്ങഴയിൽ രണ്ടു വീടുകൾക്ക് നാശമുണ്ടായി. തോട് കരകവിഞ്ഞൊഴുകിയാണ് വീടുകൾക്ക് നാശമുണ്ടായത്. പൊൻകുന്നം ടൗണിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിന് നാശം സംഭവിച്ചിട്ടുണ്ട്‌. 
പുതുപ്പള്ളി -മീനടം ഞണ്ടുകുളം പാലത്തിൽ ജലനിരപ്പ് ഉയർന്ന്‌ വെള്ളത്തിൽ കുടുങ്ങിയ കാർ യാത്രികനായ വൈദികനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊല്ലാട്, കിഴക്കുംപുറം വടക്കുംപുറം ഭാഗങ്ങളിലേ 210 ഏക്കറോളം പാടശേഖരങ്ങളിൽ തിങ്കളാഴ്ച പുലർച്ചയോടെ മടവീണ് വെള്ളം കയറി കൃഷികൾ നശിച്ചു. കൈതേൽ പാലം, ആനച്ചാൽ, തോട്ടക്കാട്, പരിയാരം എന്നീ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി.  
ചങ്ങനാശേരിയുടെ  പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിത്ത് വിതച്ച പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷിനശിച്ചു. 


deshabhimani section

Related News

0 comments
Sort by

Home