Deshabhimani

പെട്ടെന്ന്‌ റെഡ്‌ അലർട്ട്‌;
തകർത്തുപെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 10:27 PM | 0 min read

കാസർകോട് 
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തിങ്കൾ രാവിലെ വരെ തീവ്ര മഴമാത്രമാണ്‌ പ്രവചിച്ചത്‌. എന്നാൽ രാവിലെ പത്തോടെ അതി തീവ്രമഴ (റെഡ്‌ അലർട്ട്‌) മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി. 11 ഓടെ ജില്ലയിൽ വ്യാപകമായി മഴ തകർത്തുപെയ്‌തു. 
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തകർത്തു പെയ്യുമെന്ന മുന്നറിയിപ്പ്‌ വന്നതോടെ,  വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. 
അടിയന്തിരഘട്ടത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഫയർ സ്റ്റേഷൻ ഓഫീസർമാർ എന്നിവർക്ക്‌ നിർദ്ദേശം നൽകി. മഞ്ചേശ്വരം താലൂക്കിൽ എഡിഎം പി അഖിൽ, കാസർകോട്ട്‌ ആർഡിഒ പിബിനുമോൻ, കാഞ്ഞങ്ങാട്ട്‌ ഡെപ്യൂട്ടി കലക്ടർ എസ് ബിജു, വെള്ളരിക്കുണ്ടിൽ കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ജില്ലാതല പ്രവർത്തനം ഏകോപിപ്പിക്കും.
തീരദേശങ്ങളിലും മലയോരത്തും ജാഗ്രത പാലിക്കണം. മീൻപിടുത്തത്തിന് പോകാൻ പാടില്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും നിർത്തിവയ്‌ക്കണം. നിർമാണ പ്രവർത്തനമോ അറ്റകുറ്റപ്പണിയോ നടക്കുന്ന ദേശീയപാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണും വിധം ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്നും കലക്ടർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ച മഴ വിട്ടുനിന്നതിനാൽ, പൊതുവിൽ വെള്ളക്കെട്ട്‌ ഉയർന്നില്ല. എന്നാൽ ദേശീയപാത നിർമാണ സ്ഥലത്ത്‌ മണ്ണിടിച്ചതും മറ്റും പലയിടത്തും പ്രതിസന്ധിയാക്കി. 
 

 



deshabhimani section

Related News

0 comments
Sort by

Home