തളിപ്പറമ്പ്
തളിപ്പറമ്പ് മണ്ഡലത്തിലെ 440 ഡിജിറ്റൽ ക്ലാസുകൾ നാടിന് സമർപ്പിച്ചു. ഇതോടെ സമ്പൂർണ ഹൈട്ടെക് മണ്ഡലമായി തളിപ്പറമ്പ് മാറി. 106 എൽപി,യുപി വിദ്യാലയങ്ങളിലെ 440 ക്ലാസുകളാണ് ഡിജിറ്റലായത് . സംസ്ഥാന സർക്കാരിന്റെ റൈറ്റ് ഓഫ് വേ സാമ്പത്തികസഹായത്തോടെ ഐടി വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് കേന്ദ്രമായി ഒരുക്കിയ സെന്റർ ഫോർ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് എഡ്യൂക്കേഷണൽ ടെക്നോളജി (സിസെറ്റ്) സംവിധാനത്തിലൂടെയാണ് ക്ലാസ് മുറികളെ ബന്ധിപ്പിച്ചിട്ടുള്ളത്. മൂന്നുകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
തളിപ്പറമ്പ് സിഎച്ച്എംഎൽപി സ്കൂളിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉപഹാരം വിതരണംചെയ്തു. നഗരസഭാ ചെയർമാന്മാരായ മഹമൂദ് അള്ളാംകുളം, പി കെ ശ്യാമള, പഞ്ചായത്ത് പ്രസിഡന്റുമാരായ എം മൈമൂനത്ത്, എം പത്മനാഭൻ, ഡിഇഒ എം കെ ഉഷ, എസ് പി രമേശൻ, മുസ്തഫ പുളുക്കൂൽ, പി പി ശ്രീജൻ, കെ പി ജയേഷ്, ഗോവിന്ദൻ എടാടത്തിൽ, സി മുഹമ്മദ് സയീദ്, കെ എസ് റിയാസ് എന്നിവർ സംസാരിച്ചു. ഡോ. പി സൂരജ് സ്വാഗതവും കെ മുസ്തഫ നന്ദിയും പറഞ്ഞു.