06 December Friday

"കറുപ്പ്‌' സിനിമാവണ്ടി യാത്ര തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
 
കണ്ണൂർ
കളിചിരികൾ വിടരുന്ന വിദ്യാലയമുറ്റങ്ങളിലേക്കും കൂട്ടായ്‌മയുണരുന്ന പൊതുയിടങ്ങളിലേക്കും നന്ദു വരികയാണ്‌.  ഇരുണ്ട നിറങ്ങളുടെ ലോകത്തെ കഥകൾ പറയാൻ. നിറത്തിന്റെയും ജാതിയുടെയും വിവേചനങ്ങളുടെ കഥപറഞ്ഞ്‌ "കറുപ്പ്‌' ചിത്രത്തിന്റെ പ്രദർശനവുമായി സിനിമാവണ്ടി ജില്ലയിൽ പര്യടനം തുടരുകയാണ്‌. 
വേങ്ങാട്‌ ഇ കെ നായനാർ സ്‌മാരക എച്ച്‌എസ്‌എസ്‌ എൻഎസ്‌എസ്‌ യൂണിറ്റാണ്‌ സിനിമ ഒരുക്കിയത്‌. കുട്ടികൾ നിർമിച്ച സിനിമയെന്ന സവിശേഷതയും കറുപ്പിനുണ്ട്. ടി ദീപേഷ്‌ സംവിധാനം ചെയ്‌ത സിനിമയുടെ കഥാരചന ജിനേഷ്‌ കുമാർ എരമം ആണ്‌. ആറളം ഫാം നിവാസിയായ നന്ദുവാണ്‌ നന്ദുവെന്ന്‌ പേരുള്ള കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ജനകീയമായി നിർമിച്ച സിനിമ ജനങ്ങളിലെത്തിക്കാൻ ജനകീയമായ പ്രദർശനരീതിയാണ്‌ കറുപ്പിന്റെ സംഘാടകർ സ്വീകരിക്കുന്നത്‌. 
ജില്ലയിൽ സ്കൂളുകളിലും വായനശാലകളിലും ക്ലബ്ബുകളിലുമെല്ലാം മികച്ച പ്രതികരണമാണ്‌ "കറുപ്പി'ന്‌ ലഭിക്കുന്നത്‌. പത്തോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. അറുപതിലധികം പ്രദർശനങ്ങളിലായി ഇരുപതിനായിരത്തോളം പേർ സിനിമ കണ്ടു. 
"കറുപ്പ്‌' മുന്നോട്ടുവയ്‌ക്കുന്ന അവഗണിക്കപ്പെടുന്നവന്റെ രാഷ്‌ട്രീയം പൊതുയിടങ്ങളിൽ ചർച്ചയാവണമെന്ന ലക്ഷ്യം കൂടിയുണ്ട്‌ സിനിമാവണ്ടിക്ക്‌. കുട്ടിക്കാലം മുതൽ കറുപ്പ്‌ മോശമെന്ന ചിന്ത ഊട്ടിയുറപ്പിക്കുന്ന പൊതുസമൂഹം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ ഈ സിനിമ ഓർമിപ്പിക്കുന്നത്‌. 
എച്ച്‌ഡി പ്രൊജക്ടർ, സൗണ്ട്‌ സിസ്‌റ്റം, ജനറേറ്റർ തുടങ്ങിയ സംവിധാനങ്ങളുമായാണ്‌ സിനിമാവണ്ടി യാത്ര തുടരുന്നത്‌. എൻഎസ്‌എസ്‌ കോ–-ഓഡിനേറ്റർ ഷിനിത്ത്‌ പാട്യവും ഒപ്പമുണ്ട്‌. കറുപ്പിന്റെ പ്രദർശനത്തിനായി ബന്ധപ്പെടാം: 9495796246.
പ്രധാന വാർത്തകൾ
 Top