06 December Friday

എബിവിപിയെ ജയിപ്പിച്ച്‌ നാണംകെട്ട്‌ എംഎസ്‌എഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കാസർകോട്‌
നിയമസഭാ ഉപതെരഞ്ഞെടുപ്പിലൂടെ ശ്രദ്ധേയമായ മഞ്ചേശ്വരം മണ്ഡലത്തിലെ സീതാംഗോളി ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ തോൽപ്പിക്കാൻ എംഎസ്‌എഫും എബിവിപിയും പരസ്‌പരം വോട്ട്‌ മറിച്ചത്‌ ചർച്ചയാകുന്നു. ചെയർമാൻ, ജനറൽ സെക്രട്ടറി, കെഎസ്‌ഐടി കൗൺസിലർ, മാഗസിൻ എഡിറ്റർ, ആർട്‌സ്‌ സെക്രട്ടറി, സ്‌പോർട്‌സ്‌ ക്യാപ്‌റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ്‌  തെരഞ്ഞെടുപ്പ്‌ നടന്നത്‌. 
ചെയർമാൻ (37 വോട്ട്‌ ), കെഎസ്‌ഐടിസി (36) സ്ഥാനങ്ങളിൽ എസ്‌എഫ്‌ഐ ജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയത്‌ എഎസ്‌എഫ്‌ ആണ്‌. യഥാക്രമം 33, 32 വോട്ട്‌. എബിവിപിക്ക്‌ യഥാക്രമം 5, 7 വോട്ടാണ്‌ ലഭിച്ചത്‌. ജനറൽ സെക്രട്ടറി (37 വോട്ട്‌), മാഗസിൻ എഡിറ്റർ (37), ആർട്‌സ്‌ സെക്രട്ടറി (37), സ്‌പോർട്‌സ്‌ ക്യാപ്‌റ്റൻ (38) സ്ഥാനങ്ങൾ എബിവിപിയാണ്‌ നേടിയത്. മൂന്നാം സ്ഥാനത്തുള്ള എംഎസ്‌എഫിന്‌ യഥാക്രമം 2,2,4,1 എന്നിങ്ങനെയാണ്‌ വോട്ട്‌ ലഭിച്ചത്‌. എസ്‌എഫ്‌ഐക്ക്‌  ആർട്‌സ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ 34 ഉം മറ്റു സ്ഥാനങ്ങളിലേക്ക്‌ 36 വീതവും വോട്ട്‌ നേടി. 
ചെയർമാൻ, കെഎസ്‌ഐടി കൗൺസിലർ സ്ഥാനങ്ങൾ എംഎസ്‌എഫിന്‌ നൽകി പരസ്യമായ സഖ്യമാണ്‌ എബിവിപി, എംഎസ്‌എഫ്‌ ജില്ലാ നേതൃത്വം നടത്തിയത്‌. 
ഫാസിസത്തേയും വർഗീയതെയും കുറിച്ച്‌ വാനോളം പ്രസംഗിക്കുന്ന മുസ്ലിം ലീഗ്‌, എംഎസ്‌എഫ്‌ നേതാക്കളുടെ കള്ളത്തരം വെളിവാക്കുന്നതാണ്‌ സീതാംഗോളി ഐടിഐയിലെ  മോഡി ഭക്തരുമായുള്ള സഖ്യം. 2018 വരെ എസ്‌എഫ്‌ഐ തുടർച്ചയായി ഇവിടെ യൂണിയൻ ഭരിക്കുകയായിരുന്നു.  
കഴിഞ്ഞ വർഷം എസ്‌എഫ്‌ഐയെ തോൽപ്പിക്കാൻ എംഎസ്‌എഫ്‌ സ്ഥാനാർഥികളെ നിർത്താതെ എബിവിപിക്ക്‌ വോട്ട്‌ നൽകി. എംഎസ്‌എഫ്‌ പിന്തുണയോടെയാണ്‌ എബിവിപി യൂണിയൻ ആദ്യമായി എസ്‌എഫ്‌ഐയിൽ നിന്ന്‌ പിടിച്ചെടുത്തത്‌. ഇതിനുള്ള പരോപകാരമായി ഇത്തവണ രണ്ട്‌ സീറ്റ്‌ എംഎസ്‌എഫിന്‌ നൽകി എബിവിപി മത്സരിക്കുകയായിരുന്നു. എന്നാൽ ചെയർമാൻ, കെഎസ്‌ഐടിസി  സ്ഥാനത്തേക്ക്‌ ജയിക്കാമെന്നുള്ള എംഎസ്‌എഫ്‌ സ്വപ്‌നം വിദ്യാർഥികൾ തകർത്ത്‌ എസ്‌എഫ്‌ഐയെ പിന്തുണച്ചു. എസ്‌എഫ്‌ഐ വിരുദ്ധ തിമിരം  ബാധിച്ച്‌ വർഗീയവാദികളുമായി ചങ്ങാത്തം കൂടിയ എംഎസ്‌എഫ്‌ നേതൃത്വം നാണം കെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ എംഎസ്‌എഫിന്റെ കപടമുഖം വലിച്ച്‌ കീറുകയാണ്‌. 
എംഎസ്‌എഫിന്റെ  വോട്ട്‌ വാങ്ങി ജയിച്ച എബിവിപി നേതാക്കളും  സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസ്യരാവുകയാണ്‌.  മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഫാസിസത്തെ തുരത്തുന്നതിനെ കുറിച്ചായിരുന്നു മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും വാഗ്‌ധോരണിയും പ്രചാരണവും. 
എൽഡിഎഫിന്‌ വോട്ട്‌ നൽകിയാൽ  ബിജെപി ജയിക്കുമെന്നായിരുന്നു പ്രചാരണം. വർഗീയപ്രചാരണത്തിലൂടെ മുസ്ലിം വോട്ടർമാരിൽ ധ്രുവീകരണമുണ്ടാക്കിയായിരുന്നു യുഡിഎഫ്‌ വിജയം.  മറുഭാഗത്ത്‌ 
മുസ്ലിം ലീഗിന്റെ വർഗീയതയും തീവ്രഹിന്ദുത്വവും പ്രചരിപ്പിച്ച്‌ ഹിന്ദു വോട്ട്‌ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു ബിജെപി പ്രചാരണം. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ എസ്‌എഫ്‌ഐയെ  തോൽപ്പിക്കാൻ മുതിർന്ന നേതാക്കളുടെ അനുഗ്രഹത്തോടെ വിദ്യർഥി വിഭാഗങ്ങൾ ഒന്നിച്ചതിൽ ഇവർക്ക്‌ മറുപടിയില്ല.
പ്രധാന വാർത്തകൾ
 Top