24 October Thursday

അതിജീവനത്തിന്റെ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

മുഹമ്മ സിഎംഎസ് എൽ പി സ്‌കൂളിൽ ജൈവ പച്ചക്കറി ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കുന്നു

ആലപ്പുഴ
അത്തപ്പൂക്കളമൊരുക്കിയും ആടിയും പാടിയും സ്‌കൂളുകളിൽ അതിജീവനത്തിന്റെ ഓണാഘോഷം. പ്രളയവും വെള്ളപ്പൊക്കവും അതജീവിച്ചാണ്‌ ജില്ലയിലെ സ്‌കൂളുകളിൽ ഓണാഘോഷത്തിന്‌ തുടക്കമായത്‌. 
 ഊഞ്ഞാലാട്ടവും ഓണക്കളികളുമായി സ്‌കൂൾ മുറ്റങ്ങൾ ഓണത്തെ വരവേറ്റു. കസവ് മുണ്ടും ഷർട്ടുമണിഞ്ഞെത്തിയ കേരള കേസരികളും പട്ടുസാരിചുറ്റി മുല്ലപ്പൂവും ചൂടിയെത്തിയ മലയാളമങ്കമാരും ഓണത്തിന്റെ വരവറിയിച്ച് രാവിലെമുതൽ നിരത്തുകീഴടക്കിയിരുന്നു.   ക്ലാസുകളായി തിരിഞ്ഞ് വിവിധ ഡിസൈനുകളിൽ ചേലൊത്ത പൂക്കളങ്ങൾ വിരിഞ്ഞു. കളങ്ങൾ കാണാൻ ക്ലാസുകളിലെ തടിയന്മാർ മാവേലിമാരായെത്തി. ഒരുമിച്ചിരുന്ന് ഓണസദ്യയും‌ കഴിച്ചു. മഴക്കാലക്കെടുതിയിൽ വെള്ളംകയറിയ സ്‌കൂളുകളിലുൾപ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ അതിജീവനത്തിന്റെ കാഹളമായി ഓണാഘോഷം.
പച്ചക്കറി പൂക്കളത്തിനെന്ത്‌ ചന്തം 
മുഹമ്മ
പച്ചക്കറിയാൽ പുക്കളമൊരുക്കി മുഹമ്മ സിഎംഎസ് എൽപി സ്‌കൂൾ.  ഓണാഘോഷത്തിന്റെ ഭാഗമായി അത്തം നാളിലാണ്‌ ‘പച്ചക്കറിക്കളം' ഒരുക്കിയത്‌. കഞ്ഞിക്കുഴി പയർ, വെണ്ടയ്‌ക്ക്, തക്കാളി, പാവൽ, കത്രിക്ക, കോവയ്‌ക്ക എന്നിവയും നാടൻ വാഴപ്പഴവും ഉപയോഗിച്ചായിരുന്നു‘പൂക്കളം’. 
കഞ്ഞിക്കുഴിയിലെ പരമ്പരാഗത പച്ചക്കറി കർഷകനും സ്‌കൂളിലെ രക്ഷകർത്താവുമായ ശുഭ കേശന്റെ ആശയമാണ് പച്ചക്കറി പൂക്കളമായി വിരിഞ്ഞത്. ശുഭകേശന്റെ തോട്ടത്തിൽ നിന്നാണ് പച്ചക്കറി ശേഖരിച്ചത്.  പൂക്കൾക്ക് വില കൂടിയതിനാലാണ് പച്ചക്കറികൾ ഉപയോഗിച്ചതെന്ന് ശുഭകേശൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top