20 September Friday

കോട്ടയത്തേക്ക്‌ അതിവേഗ എസി ബോട്ട്‌ വരുന്നു

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2019
 
 
ആലപ്പുഴ
ജലഗതാഗതവകുപ്പ്‌ സർവീസ്‌ കോട്ടയത്തേക്ക്‌ വേഗം കൂടിയ എസി ബോട്ട്‌ സർവീസ്‌ ഒക്ടോബറിൽ ആരംഭിക്കും. ബോട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌.  ജലഗതാഗതവകുപ്പിന്റെ സാധാരണ ബോട്ടിന്‌ ആറുനോട്ടിക്കൽ മൈൽ വേഗമാണുള്ളത്‌. പുതിയതിന്‌ 12 നോട്ടിക്കൽ മൈലാണ്‌ വേഗം. 
 120 സീറ്റിൽ 40 എണ്ണം എസിയും 80 എണ്ണം നോൺ എസിയുമാണ്‌. ആലപ്പുഴ–- കോട്ടയം ബസ്‌ സർവീസിനെടുക്കുന്ന അതേ വേഗത്തിൽ  കോട്ടയം കോടിമത വരെ ബോട്ടും ഓടിയെത്തും. സ്‌റ്റോപ്പ്‌ കുറവാണ്‌. ആർ ബ്ലോക്ക്‌, പള്ളം വഴിയാണ്‌ കോടിമതയിൽ എത്തുക. 
 അരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ബോട്ട്‌ നിർമാണം പുരോഗമിക്കുകയാണ്‌. മിനുക്ക്‌ പണികളാണ്‌ അവശേഷിക്കുന്നതെന്നും ഒക്‌ടോബർ രണ്ടാം വാരം സർവീസ്‌ തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക‌്ടർ ഷാജി വി നായർ പറഞ്ഞു.
യാത്രാനിരക്കും സ്‌റ്റോപ്പും അന്തിമമായി തീരുമാനിച്ചിട്ടില്ല. നോൺ എസിക്ക്‌ ബസിനേക്കാളും കുറഞ്ഞ നിരക്കാവും. എസി സീറ്റിൽ എസി ലോ ഫ്ലോർ ബസിനേക്കാളും കുറഞ്ഞ നിരക്കിൽ യാത്രചെയ്യാം. 
കോട്ടയത്തേക്കും തിരിച്ചും ഓർഡിനറി ബോട്ട്‌ സർവീസ്‌ നടത്തുന്നുണ്ട്‌. കോട്ടയത്തിന്റെ രണ്ടും ആലപ്പുഴയുടെ ഒരു ബോട്ടും ഉപയോഗിച്ച്‌ നാല്‌ ട്രിപ്പ്‌ വീതം ഓടുന്നുണ്ട്‌. കാഞ്ഞിരത്ത്‌ ഉയർത്തുന്ന പാലത്തിന്റെ അറ്റകുറ്റപ്പണി കഴിയാത്തതിനാൽ ഒരുബോട്ട്‌ കാഞ്ഞിരം വരെയാണ്‌ സർവീസ്‌.  രാവിലെയും വൈകിട്ടും സ്‌കൂൾ സമയത്താണ്‌ കാഞ്ഞിരം വരെ സർവീസ്‌. മറ്റ്‌ സർവീസുകൾ പള്ളം വഴിയാണ്‌ കോടിമതയിൽ എത്തുക. 
പ്രധാന വാർത്തകൾ
 Top