28 September Tuesday
വി ശിവൻകുട്ടിക്കെതിരായ സമരാഭാസം

നേമം മണ്ഡലത്തിൽ ഇന്ന്‌ 
ബഹുജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
തിരുവനന്തപുരം 
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ചൊവ്വാഴ്‌ച നേമം നിയോജക മണ്ഡലത്തിൽ ബഹുജന പ്രതിഷേധം. 
വ്യാഴാഴ്‌ച  എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിലാകെ പ്രതിഷേധം നടക്കും. പഞ്ചായത്ത് വാർഡിൽ അഞ്ച് കേന്ദ്രത്തിലും നഗരസഭാ വാർഡുകളിൽ 15 കേന്ദ്രത്തിലും വൈകിട്ട് അഞ്ചുമുതൽ ആറുവരെ അഞ്ചുപേർ വീതം കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രതിഷേധ സമരമാണ് നടക്കുകയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. 
   കോടതി വിചാരണ നേരിടുന്നതിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കുറേ ദിവസമായി സമരാഭാസങ്ങൾ അരങ്ങേറുകയാണ്. 
സാധാരണ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലേക്കാണ്‌ മാർച്ച് നടത്തുക. സ്വകാര്യ വസതിക്കു മുന്നിൽ സമരം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. വി ശിവൻകുട്ടിക്കെതിരായ കേസ് തെരഞ്ഞെടുപ്പിനു മുമ്പുള്ളതാണ്. മന്ത്രിയായ ശേഷം അദ്ദേഹം ഒരു കേസിലും പ്രതിയല്ല. അഴിമതിക്കെതിരെ നിയമസഭയിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള കേസ് സാധാരണനിലയ്ക്ക് നിയമസഭയ്ക്കകത്ത്  തീരേണ്ടതാണ്. 
പൊലീസിനെ ഉപയോഗിച്ച് ക്രിമിനൽ കേസ് എടുത്തത് അന്നത്ത  ഉമ്മൻചാണ്ടി സർക്കാരിന്റെ കുത്സിതപ്രവർത്തനമാണ്.  കേസിൽ വിചാരണ നേരിടണമെന്നാണ്  സുപ്രീംകോടതി വിധി. ഇതിനുമുമ്പ് വിചാരണ നേരിട്ട്‌ മന്ത്രിമാർ രാജിവച്ചതായും അറിയില്ല. 
 വി ശിവൻകുട്ടിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണ്‌ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന. നേമം നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ശിവൻകുട്ടി. ജനപ്രതിനിധിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യവിരുദ്ധമാണ്. ജനപ്രതിനിധി എന്നനിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ബിജെപി ഒരുമ്പെട്ടാൽ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും  എല്ലാ  ജനാധിപത്യ വിശ്വാസികളുടെയും സഹായ സഹകരണം ഉണ്ടാകണമെന്നും ആനാവൂർ നാഗപ്പൻ അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top