25 September Friday

ആറ്റിങ്ങല്‍ ഡിവൈഎസ്‌‌പിക്കടക്കം 11 പൊലീസുകാര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ ഡിവൈഎസ്‌പിക്കടക്കം 11 പൊലീസുകാര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു ഡിവൈഎസ്‌പിക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌. ഓഫീസില്‍ ജോലിചെയ്യുന്ന രണ്ട് എസ്ഐമാർ ഉള്‍പ്പെടെ ഇവിടെ മാത്രം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  രണ്ട് എഎസ്ഐമാര്‍, രണ്ട് വനിതാ പൊലീസുകാര്‍, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ്  രോ​ഗം. ആറ്റിങ്ങല്‍ ഡിവൈഎസ‌്‌പിയുടെ ചുമതല ഡിവൈഎസ‌്‌പി ദിനരാജിന് കൈമാറിയതായി റൂറല്‍ എസ്‌പി ബി അശോകന്‍ അറിയിച്ചു. ഡിവൈഎസ‌്‌പിയോടൊപ്പം വേദി പങ്കിട്ട ബി സത്യന്‍ എംഎല്‍എ, ചിറയിന്‍കീഴ് തഹസില്‍ദാര്‍ ആര്‍ മനോജ് എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പൊലീസ്‌ ഗസ്റ്റ് ഹൗസിൽ ഒരാൾ, പൊലീസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരാണ്‌ മറ്റു രോഗബാധിതർ. പൊലീസ് ആസ്ഥാനത്തുമാത്രം നാലുപേർക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. പൊലീസ്‌ ഗസ്റ്റ്‌ ഹൗസിലെ ഒരു ജീവനക്കാരനും ഞായറാഴ്‌ച രോഗബാധയുണ്ട്‌.

193 ആരോഗ്യപ്രവർത്തകർ രോഗബാധിതർ

തിരുവനന്തപുരം 

ജില്ലയിൽ കോവിഡ്‌ ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്‌. സംസ്ഥാനത്ത്‌ ഇതുവരെ കോവിഡ്‌ ബാധിച്ച 617 ആരോഗ്യപ്രവർത്തകരിൽ 193 പേരും ജില്ലയിലാണ്‌. ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച്‌ ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം സ്ഥിരീകരിച്ചതും തിരുവനന്തപുരത്തായിരുന്നു. ഇതിൽ പലരും രോഗമുക്തരായി തിരികെ ജോലിയിൽ പ്രവേശിച്ചു. 10 ദിവസത്തിനിടെ കോവിഡ്‌ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകര്‍ 107 ആണ്‌. ഡോക്ടർമാർ, നേഴ്‌സുമാർ, ആശാ വർക്കർമാർ, ഹെൽത്ത്‌ ഇൻസ്പെക്ടർമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ്‌ ഡ്രൈവർമാർ, മറ്റ്‌ ഫീൽഡ്‌ വർക്കർമാർ എന്നിവരെയൊക്കെയാണ്‌ ആരോഗ്യപ്രവർത്തകരായി കണക്കാക്കുക. മാർച്ച്‌ 17നാണ്‌ ജില്ലയിൽ ആദ്യമായി ഒരു ആരോഗ്യപ്രവർത്തകയ്ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സ്‌പെയിനിൽ പഠനത്തിനുപോയി തിരിച്ചെത്തിയ ശ്രീചിത്രയിലെ ഡോക്ടർക്കായിരുന്നു രോഗം. എന്നാൽ,‌ ജൂലൈ പകുതിയോടെ എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്ന നിലയിലേക്കെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top