23 September Wednesday

നടപ്പാകുന്നത്‌ സർക്കാർ വാഗ്‌ദാനം പ്രകൃതിവാതകം വരും, ഈ പുഴയും കടന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ചന്ദ്രഗിരിപ്പുഴയ്‌ക്ക്‌ കുറുകെയിടാനുള്ള പൈപ്പുകൾ ചട്ടഞ്ചാൽ തൈരയിൽനിന്ന്‌ ക്രെയിൻ ഉപയോഗിച്ച്‌ നീക്കുന്നു

 കാസർകോട്‌

ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (ഗെയിൽ) നേതൃത്വത്തിലുള്ള കൊച്ചി‐ മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ നിർമാണം അവസാനഘട്ടത്തിൽ. 440 കിലോമീറ്റർ ലൈനിൽ ചന്ദ്രഗിരി പുഴയ്‌ക്ക്‌ കുറുകെ 1.5 കിലോമീറ്റർ പ്രവൃത്തിയാണ്‌ പൂർത്തിയാകേണ്ടത്‌. സാങ്കേതിക തടസമുണ്ടായില്ലെങ്കിൽ ചൊവ്വാഴ്‌ചയോടെ ഈ ഭാഗത്തെ പൈപ്പിടൽ പൂർത്തിയാകും. രണ്ട്‌ കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന ചന്ദ്രഗിരി പുഴയ്‌ക്ക്‌ കുറുകെ പൈപ്പിടുകയെന്നത്‌ വെല്ലുവിളിയായിരുന്നു. 
പൈപ്പ്‌ലൈൻ വഴി പാചകവാതകം എത്തിക്കുന്നതാണ്‌ 3620 കോടി രൂപ ചെലവുള്ള പദ്ധതി. വാൽവ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ച്‌ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുകയാണ്‌ ലക്ഷ്യം. ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണിത്‌  നടപ്പാക്കുക.  ഓട്ടോ‐ ടാക്‌സി മേഖലയിലുള്ളവർക്കും പ്രകൃതിവാതകം ഉപയോഗിച്ച്‌ ലാഭകരമായി വാഹനമോടിക്കാം. 53 രൂപയുടെ വാതകം ഉപയോഗിച്ചാൽ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40‐ 45 ശതമാനത്തോളം വർധിക്കും. മലിനീകരണവും 25 ശതമാനത്തോളം കുറയും.
2012ൽ സർവേ തുടങ്ങിയ പദ്ധതി യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരിഞ്ച്‌ മുന്നോട്ടുപോയില്ല. എൽഡിഎഫ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനം നൽകിയ പദ്ധതികളിൽ ഒന്നാണിത്‌. നിശ്ചയദാർഢ്യത്തോടെയാണ്‌ സർക്കാർ പദ്ധതി പൂർത്തിയാക്കുന്നത്‌. 2017 ജൂണിലാണ്‌ പൈപ്പിടൽ ആരംഭിച്ചത്‌. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ പുഴകൾക്ക്‌ കുറുകെ പൈപ്പ്‌ലൈൻ സ്ഥാപിച്ചു. കർണാടകയിൽ ഉൾപ്പെടുന്ന മംഗളൂരു നേത്രാവതി പുഴയ്‌ക്ക്‌ കുറുകെയും പൈപ്പ്‌ലൈൻ സ്ഥാപിച്ചു. ചന്ദ്രഗിരി പുഴ ഒഴികെ  അവശേഷിക്കുന്ന ഭാഗത്തെ  പ്രവൃത്തി ജൂണിൽ തീർന്നു.
തെക്കിൽ  തൈരയിൽനിന്നും ബേവിഞ്ചയിലേക്ക്‌ കുന്നിൽനിന്ന്‌ കുന്നിലേക്ക്‌ ഭൂമി തുരന്നുള്ള പൈപ്പിടൽ തുടങ്ങിയത്‌ മൂന്നുദിവസം മുന്പാണ്‌. ചന്ദ്രഗിരി പുഴയുടെ അടിവശത്തുനിന്നും 60 മീറ്റർ താഴ്‌ചയിലാണ്‌ പൈപ്പിടുന്നത്‌. ജില്ലയിൽ മാത്രം 74 കിലോമീറ്റർ പൈപ്പുണ്ട്‌‌. ഡൽഹി ആസ്ഥാനമായ ഐഎൽ ആൻഡ്‌ എഫ്‌എസ്‌ എൻജിനിയറിങ്‌ കോൺട്രാക്ടിങ്‌ കമ്പനിയാണ്‌ പ്രവൃത്തി നടത്തുന്നത്‌.  പൈപ്പിടുന്നത്‌ ചെന്നൈയിലെ എൻആർ പട്ടേൽ പ്രോജക്ട്‌സാണ്‌. "ഹൊറിസൊണ്ടൽ ഡയറക്‌ഷണൽ ഡ്രില്ലിങ്‌' രീതിയുപയോഗിച്ചാണ്‌ ‌പുഴയിലൂടെയുള്ള അവസാനഘട്ട പ്രവൃത്തി‌. സെപ്‌തംബർ ആദ്യവാരത്തോടെ പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം കടത്തിവിടാനുള്ള നീക്കത്തിലാണ്‌‌. ഐഎൽ ആൻഡ്‌ എഫ്‌എസ്‌ എൻജിനിയറിങ്‌ കോൺട്രാക്ടിങ്‌ കമ്പനി ജനറൽ മാനേജർ ടി എൻ ശ്രീകുമാർ, ഗെയിൽ സീനിയർ മാനേജർ ആന്റണി ഡിക്രൂസ്‌ എന്നിവരുടെ മേൽനോട്ടത്തിലാണ്‌ പ്രവൃത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top