16 November Saturday

ജില്ലാ ജനറല്‍ സെക്രട്ടറി നിയമനം: ലീഗില്‍ പൊട്ടിത്തെറി

സ്വന്തം ലേഖകന്‍Updated: Saturday Aug 3, 2019
കൊല്ലം
രാജിവച്ച ജില്ലാ ജനറൽ സെക്രട്ടറിക്ക് പകരം രഹസ്യനിയമനം നടന്നതിനെച്ചൊല്ലി മുസ്ലിംലീഗിൽ പൊട്ടിത്തെറി. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിലിനെ നോക്കുകുത്തിയാക്കി  മുൻ ജില്ലാ പ്രസിഡന്റിന്റെ നോമിനിയെ ജനറൽ സെക്രട്ടറിയാക്കിയ നേതൃത്വത്തിന് എതിരെയാണ് എതിർപ്പുയരുന്നത്. യുത്ത്‌ലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്റായ സുല്‍ഫിക്കർ സലാമാണ് പുതിയ ജില്ലാ ജനറൽ സെക്രട്ടറി. 
നാല്‍പ്പത് വർഷമായി ജില്ലാ പ്രസിഡന്റായി തുടർന്ന എ യൂനുസ്‌കുഞ്ഞ് സ്ഥാനമൊഴിയേണ്ടിവന്നപ്പോൾ മകൻ നൗഷാദ് യൂനുസിനെ ജില്ലാ ജനറൽ സെക്രട്ടറിയാക്കിയിരുന്നു. എന്നാൽ, ജൂലൈ അഞ്ചിന് നൗഷാദ് അപ്രതീക്ഷിതമായി രാജിവച്ചു. യൂനുസ്‌കുഞ്ഞിനെതിരെ പാർടിയിൽ എതിർപ്പ് ശക്തമായ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ പരാജയപ്പെടുമെന്ന അവസ്ഥയിലാണ്‌ ഒത്തുതീർപ്പ് സ്ഥാനാർഥിയായി നൗഷാദിനെ ഉൾപ്പെടുത്തിയത്.സ്ഥാനംനഷ്ടമായ യൂനുസ്‌കുഞ്ഞിന് ഉപരിഘടകത്തിൽ പ്രതീക്ഷിച്ച പദവി ലഭിച്ചില്ല. മകന് ലഭിച്ച സ്ഥാനം ചൂണ്ടിക്കാട്ടിയാണ്‌ യൂനുസ്‌കുഞ്ഞിന്റെ സ്ഥാനക്കയറ്റം തടഞ്ഞത്‌. 
ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ അപ്രതീക്ഷിത രാജി. സുല്‍ഫിക്കർ സലാം ജില്ലാ ജനറൽ സെക്രട്ടറിയായതോടെ യൂനുസ്‌കുഞ്ഞിന്റെ ലക്ഷ്യമാണ് ഫലം കാണുന്നതെന്ന് കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെടുന്നു.  
പ്രസിഡന്റ്, ജനറൽസെക്രട്ടറി, നാല് വൈസ് പ്രസിഡന്റുമാർ, നാല് സെക്രട്ടറിമാർ, ട്രഷറർ, എന്നിവർ ഉൾപ്പെടെ 183 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ജില്ലാ കൗൺസിൽ. ഏറെ നാളുകൾക്കു ശേഷമാണ് ഒന്നരവർഷം മുമ്പ്‌ ജനാധിപത്യരീതിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കൗൺസിൽ നിലവിൽ വന്നത്. എന്നാൽ, നിലവിലുള്ള  കൗൺസിൽ അംഗങ്ങൾ അറിയാതെയാണ്  ജനറൽ സെക്രട്ടറിയുടെ നിയമനം. മുതിർന്ന സംസ്ഥാന കൗൺസിൽ അംഗം മണക്കാട് നജിമുദീനെ ജനറൽ സെക്രട്ടറി ആക്കണമെന്നാണ്   ഭൂരിപക്ഷ താൽപ്പര്യമെന്നാണ്‌ വിവരം.
പ്രധാന വാർത്തകൾ
 Top