03 August Monday

അഭിമന്യുവിന്റെ ദീപ്തധീരസ്മരണയിൽ ജന്മനാട്

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി പുഷ്‌പാർച്ചന നടത്തുന്നു

 മറയൂർ

യുവരക്തതാരകം അഭിമന്യുവിന്റെ ദീപ്തധീരസ്‌മരണയിൽ ജന്മനാട്. രണ്ടുവർഷം മുമ്പ് ക്യാമ്പസ് ഫ്രണ്ട്– എസ്ഡിപിഐ തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യു മഹാരാജാസ് ജനഹൃദയങ്ങളിൽ ജീവിക്കുകയാണിവിടെ. അഭിമന്യുവിന്റെ ഹൃദയരക്തം വീണ മഹാരാജാസിന്റെ മണ്ണിലും ജന്മനാടായ വട്ടവടയിലും അവന്റെ ചിരിമായാത്ത കനലായി പടർന്നു. അഭിമന്യുവിന്റെ വർഗീയത തുലയട്ടെ മുദ്രാവാക്യങ്ങളും ആവേശമായി അലയടിച്ചുയർന്നു. നിഷ്‌കളങ്കമായ ചിരിയോടെ എല്ലാവർക്കും സഹായം ചെയ്തിരുന്ന സഖാവ് വിടരുംമുമ്പേ പൊലിഞ്ഞെങ്കിലും ആ ധീരസ്‌മരണ മായുന്നില്ല. ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളിലും അഭിമന്യുവിന്റെ ചിരിക്കുന്ന ചിത്രങ്ങൾകൊണ്ട് നിറഞ്ഞു.
 വിദേശ മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിമന്യുവിന്റെ അനുഭവങ്ങളും വേദനയും പങ്കുവച്ചത്. വട്ടവടയിലെ കൊട്ടക്കാമ്പൂരിൽ പിറന്ന അഭിമന്യു പാർടിയെപോലെ ജീവനുതുല്യം സ്നേഹിച്ചിരുന്നത് മഹാരാജാസ് കോളേജിനെയുംകൂടി ആയിരുന്നു. കൊട്ടക്കാമ്പൂർ ഡിവൈഎഫ്ഐ വില്ലേജ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പച്ചക്കറി ലോറിയിലാണ്‌ രാത്രി പതിനൊന്നോടെ മഹാരാജാസ്‌ കോളേജിൽ എത്തിയത്‌. നവാഗതരെ സ്വാഗതംചെയ്യുന്നതിനുള്ള ഒരുക്കത്തിനിടെ തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ അനുസ്‌മരണ സമ്മേളനങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും എല്ലായിടങ്ങളിലും സാമൂഹ്യ അകലം പാലിച്ച് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. രക്തസാക്ഷിത്വദിനത്തിൽ സിപിഐ എം മറയൂർ ഏരിയ കമ്മിറ്റിയുടെയും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ‌് വട്ടവടയിൽ പ്രകടനവും അനുസ‌്മരണ യോഗവും സംഘടിപ്പിച്ചത‌്. അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടിജു തങ്കച്ചൻ അധ്യക്ഷനായി. എസ് രാജേന്ദ്രൻ എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരും പങ്കെടുത്തു. ഡിവെെഎഫ്ഐ, എസ്എഫ്ഐയും അനുസ്മരണം സമുചിതമായി ആചരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഫസ്റ്റ്ബെല്ലിന് ടിവിയും എത്തിച്ചുനൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top