03 August Monday

4 ജില്ലകളിലെ പട്ടയതടസ്സം നീക്കി സര്‍ക്കാര്‍ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
 ചെറുതോണി
മധ്യകേരളത്തിലെ നാലുജില്ലകളിലെ പട്ടയപ്രശ്നത്തിന് പരിഹാരമായി സർക്കാർ ഉത്തരവിറങ്ങി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലെ കർഷകരുടെ പട്ടയസ്വപ്‌നമാണ് ഇതോടെ പൂവണിയുക. പിണറായി സർക്കാരിന്റെ പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് കർഷകജനതയ്ക്ക് ആശ്വാസമായത്. റവന്യു രേഖകളിൽ പുരയിടം, നിലംതരിശ് എന്ന് രേഖപ്പെടുത്തിയതിനാൽ പട്ടയംകിട്ടാതെ കാലങ്ങളായി ബുദ്ധിമുട്ടിയിരുന്ന കർഷകർക്ക് ജൂൺ 21ന്റെ സർക്കാർ ഉത്തരവ് തുണയായി. പതിറ്റാണ്ടുകളായി കൈവശംവയ്‌ക്കുകയും കൃഷിചെയ്ത് ഉപജീവനം നടത്തിപ്പോരുകയും ചെയ്യുന്ന ഭൂമിക്ക് പുതിയ ഉത്തരവിലൂടെ പതിനായിരക്കണക്കിന്‌ ആളുകൾ ഭൂമിയുടെ ഉടയവരാവും. 
ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കരിമണ്ണൂർ, വണ്ണപ്പുറം, അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലെ സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ഗോത്രജനവിഭാഗത്തിന് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമനിധി ജില്ലാ കമ്മിറ്റിയും സർക്കാരിനെ സമീപിച്ചിരുന്നു. കർഷകർ നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 2019 ഏപ്രിൽ 29ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പുതിയ ഉത്തരവുണ്ടായത്. ഹിൽമെൻ റിസർവിന് മുമ്പുള്ള ഭൂവിനിയോഗത്തിന്റെ സാഹചര്യം 1960ന് മുമ്പ് ഈ മേഖലകളിൽ ഉണ്ടായിട്ടുള്ള കുടിയേറ്റമെല്ലാം കലക്ടർ നൽകിയ റിപ്പോർട്ടിൽ രേഖകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 
പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളിൽനിന്ന്‌ തലമുറകൾ കൈമാറി വന്ന ഭൂമിക്ക് ഏഴായിരത്തോളം കുടുംബങ്ങൾക്ക് ഇതുവരെയും പട്ടയം ലഭിക്കാത്തതും കലക്ടർ സർക്കാരിനെ ധരിപ്പിച്ചു. 1980ലെ കേന്ദ്ര വനസംരക്ഷണനിയമം വരുന്നതിനുമുമ്പ് കുടിയേറിയ കർഷകർക്കും പട്ടികജാതി–- വർഗ ജനവിഭാഗത്തിനും പട്ടയം നൽകുന്നതിന് തടസ്സമില്ലെന്നും നൽകാതിരുന്നാൽ ഭരണഘടനാവിരുദ്ധമാണെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top