14 August Friday
ചുരുളഴിയുന്നത് വന്‍ അഴിമതി

അടാട്ട് ബാങ്ക്‌ വായ്പാതട്ടിപ്പ്; സഹ. ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി

സ്വന്തം ലേഖകന്‍Updated: Friday Jul 3, 2020

തൃശൂർ

സർക്കാർ പുറമ്പോക്കുഭൂമി ഈടുവച്ച് തൃശൂർ ജില്ലാ നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണസംഘം, അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിൽനിന്ന് കോടികൾ തട്ടിയെടുത്തതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ. പൊതുപ്രവർത്തകൻ ചിറ്റിലപ്പിള്ളി സ്വദേശി സി കെ സന്തോഷ് മുഖ്യമന്ത്രിക്ക് നൽകിയ പാരാതിയെത്തുടർന്ന് തൃശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അന്വേഷിച്ചുള്ള പ്രഥമ റിപ്പോർട്ടിലാണ് അഴിമതിയുടെ വ്യാപ്തി തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 

അടാട്ട് സർവീസ് സഹകരണ ബാങ്കിന്റെ നിയമാവലിപ്രകാരം സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ ഒരു വ്യവസ്ഥയും ഇല്ലാതിരിക്കേയാണ് ഒരാൾക്ക് പരമാവധിനൽകാവുന്ന വായ്പാ പരിധിവ്യവസ്ഥയും ഓഹരിവായ്പാ അനുപാതവും പാലിക്കാതെ കോടിക്കണക്കിന് രൂപ വായ്പ നൽകിയതെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുപ്രകാരം 2012ൽ   ഈടു വാങ്ങാതെ അത്താണിയിലെ ജില്ലാ നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന് ഒമ്പതുകോടി രൂപ വായ്പ നൽകിയിരുന്നു. 

ഈ വായ്പ ഏഴുമാസത്തിനകം അടാട്ട് ബാങ്കിലേക്ക് തിരിച്ചടച്ചശേഷമാണ് പുറമ്പോക്കുഭൂമി ഈട് നൽകി വീണ്ടും ഒമ്പതുകോടി രൂപ വായ്പയെടുത്ത് നെല്ലുസംഭരണ സഹകരണ സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളത്. ബാങ്കിൽനിന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കുംവരെ വളപ്പായ വില്ലേജിലെ പുറമ്പോക്കായ 1.88 ഏക്കർ ഭൂമിയും പെരിങ്ങണ്ടൂർ വില്ലേജിലെ 120.73 ഏക്കർ ഭൂമിയും മറ്റു സ്ഥാപനങ്ങളും ജംഗമവസ്തുക്കളും ഉത്തരവാദിയായിരിക്കുമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.   വായ്പാത്തുകയെക്കുറിച്ചോ കാലാവധിയെക്കുറിച്ചോ കരാറിൽ പ്രതിപാദിച്ചിട്ടുമില്ല. 

2016ൽ നിലവിലെ വായ്പ നിലനിൽക്കേയാണ് നാലുകോടി രൂപ സംഘത്തിന് അനുവദിച്ച് എൻട്രിയായി വരവുവച്ചിരിക്കുന്നത്. ഇതിന്റെ കരാറിലും വായ്പസംഖ്യയോ കാലാവധിയോ കാണിച്ചിട്ടില്ല. വായ്പയിലേക്ക് മുതലിനത്തിലോ പലിശയിനത്തിലോ ചില്ലിക്കാശ് അടച്ചിട്ടില്ലെന്ന്  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2013ലെ ഒമ്പതുകോടി വായ്പക്ക് ബാങ്ക് പലിശയിളവ് നൽകിയിട്ടുണ്ട്.  രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസ് ഭരണകാലത്തെ ബാങ്കിലെ വായ്പത്തട്ടിപ്പുകൾ സംബന്ധിച്ച് സഹകരണനിയമം 65 പ്രകാരം അന്വേഷണം ആരംഭിക്കുന്നതിനിടെ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. കോടതിയുടെ നിർദേശംകൂടി പരിഗണിച്ച് കുറ്റക്കാർക്തെിരെ നിയമനടപടി സ്വീകരിക്കുമെന്ന്   റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top