തിരുവനന്തപുരം
കേരള പൊലീസുൽ നടപ്പാക്കുന്ന മിനിയേച്ചർ റെയിൽവേ പദ്ധതി അടുത്ത വേനലവധിക്കുമുമ്പ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഒമ്പതുകോടി രൂപ മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് ആധുനിക സംവിധാനങ്ങളുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതോടെ മിനി ട്രെയിനിൽ രണ്ട് കിലോമീറ്റർ യാത്രയ്ക്ക് സഞ്ചാരികൾക്ക് അവസരം ലഭിക്കും.
ടൂറിസ്റ്റ് വില്ലേജിലെ വിവിധ പദ്ധതികളുടെ ഭാഗമായി കുട്ടികൾക്കുള്ള സ്വിമ്മിങ് പൂൾ നവീകരിക്കും. കായലിന്റെ തീരത്തുള്ള ഹാൻഡ് റെയിലോട് കൂടിയ നടപ്പാത പൊഴിക്കരവരെ ദീർഘിപ്പിക്കും. വില്ലേജിലെ ടിക്കറ്റ് കൗണ്ടർ നവീകരിക്കും. സെക്യൂരിറ്റി ജീവനക്കാർക്കായി റെസ്റ്റ് റൂം, സഞ്ചാരികൾക്ക് വാഷ്റൂം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ചുറ്റുവേലി സ്ഥാപിക്കുന്നതിനൊപ്പം കേരള പൊലീസുമായി സഹകരിച്ച് സിസിടിവിയും സ്ഥാപിക്കും.