08 July Wednesday
പൊതുപഠന കേന്ദ്രങ്ങളൊരുക്കും

‘ഹലോ സ്കൂൾ’ പദ്ധതിയുമായി മാനന്തവാടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

മാനന്തവാടി ബിആർസി യോഗത്തിൽ ഒ ആർ കേളു എംഎൽഎ സംസാരിക്കുന്നു

മാനന്തവാടി
ഓൺലൈൻ പഠന സാധ്യതകളെ വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി മണ്ഡലത്തിൽ ‘ഹലോ  സ്കൂൾ’  സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.  ഒ ആർ കേളു എംഎൽഎയുടെ അധ്യക്ഷതയിൽ ബിആർസിയിൽ ചേർന്ന യോഗത്തിലാണ്  തീരുമാനം.  ആദിവാസി ഊരുകളിലുൾപ്പെടെ വിദ്യാർഥികളെ  ഓൺലൈൻ ക്ലാസ് മുറികളിൽ എത്തിക്കാൻ   തീരുമാനമായി. ബുുധൻ, വ്യാഴം ദിവസങ്ങളിലായി മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കും. വാർഡ് തല വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കും. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയിൽ ആ പഞ്ചായത്തിലെ അധ്യാപകരെയും, വിദ്യാഭ്യാസ പ്രവർത്തകരെയും, പിടിഎ, പ്രതിനിധികളെയും, കുടുംബശ്രീ ഭാരവാഹികളെയും, മെന്റർ ടീച്ചർമാരെയും, ക്ലസ്റ്റർ കോർഡിനേറ്റർമാരെയും, വിദ്യാഭ്യാസ വളണ്ടിയർമാരെയും ഉപയോഗപ്പെടുത്തും.  ഓൺലൈൻ പഠനം സാധ്യമല്ലാത്ത  മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യമെരുക്കും.  മണ്ഡലത്തിൽ മുഴുവൻ വാർഡികളിലും മൂന്ന് വീതമെങ്കിലും ഓൺലൈൻ പൊതുപഠനകേന്ദ്രങ്ങൾ  ഒരുക്കും.   വിക്ടേഴ്സ് ചാനൽ ലഭ്യമല്ലാത്ത കേന്ദ്രങ്ങളുടെ എണ്ണം പരിശോധിക്കും. വൈദ്യുതി ലഭ്യമല്ലാത്ത പൊതു കേന്ദ്രങ്ങളെ പ്രത്യേകം തരം തിരിച്ച്‌ വൈദ്യുതി ലഭ്യമാക്കും. ലൈബ്രറി കൗൺസിലിനെ ഹലോ സ്കൂൾ പദ്ധതിയിൽ സഹകരിപ്പിക്കും.  ബിആർസി കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് പ്രവർത്തിപ്പിക്കും. മണ്ഡലത്തിലെ മുഴുവൻ അധ്യാപകരുടേയും സേവനം ഉറപ്പ് വരുത്താൻ എഇഒയെ ചുമതലപ്പെടുത്തി. അടുത്ത ആഴ്ചയോട് കൂടി വീണ്ടും മണ്ഡലതല അവലോകന യോഗം വീണ്ടും നടത്തും. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ ട്രൈനർമാർ ഉൾപ്പെടെയുള്ളവരുടെ അക്കാദമിക്ക് പിന്തുണ വാർഡ്തല വിദ്യാഭ്യാസ സമിതികൾക്ക്  ലഭ്യമാക്കും.  പഞ്ചായത്ത് പ്രസിഡന്റുമാർ,  നഗരസഭാ ചെയർമാൻ വി ആർ പ്രവീജ്‌, മറ്റ്‌ ജനപ്രതിനിധികൾ സമഗ്രശിക്ഷാ കേരള വയനാട് ജില്ലാ–-കോ-ഓർഡിനേറ്റർ അബ്ദുൽ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോ-ഓർഡിനേറ്റർ വിത്സൺ തോമസ്, കൈറ്റ് ജില്ലാ കോ-–-ഓർഡിനേറ്റർ വി ജെ തോമസ്,  മാനന്തവാടി എഇഒ ഉഷാദേവി, മാനന്തവാടി ബിപിസി കെ മുഹമ്മദാലി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top