മലപ്പുറം
സിപിഐ എം സംസ്ഥാന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കം തുടങ്ങി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്‌ക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്‌ക്ക് ജില്ലയിലെ 16 മണ്ഡലങ്ങളിലും ആവേശ വരവേൽപ്പ് നൽകും. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തും സ്വാധീനവും വിളിച്ചോതുന്നതാകും സ്വീകരണങ്ങൾ. 26മുതൽ മാർച്ച് ഒന്നുവരെയാണ് ജാഥാ പര്യടനം.
മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിൽ വ്യാഴാഴ്‌ച സംഘാടക സമിതി രൂപീകരിച്ചു. യോഗങ്ങളിൽ വൻ ബഹുജന പങ്കാളിത്തമായിരുന്നു. മലപ്പുറത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ പി സുമതി ചെയർപേഴ്‌സണും ഏരിയാ സെക്രട്ടറി കെ മജ്‌നു കൺവീനറുമായാണ് കമ്മിറ്റി.
പെരിന്തൽമണ്ണയിൽ സിപിഐ എം ഓഫീസിനുസമീപത്തെ പേ പാർക്കിങ് ഗ്രൗണ്ടിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ പി ഷാജി ചെയർമാനും ഏരിയാ സെക്രട്ടറി ഇ രാജേഷ് കൺവീനറുമാണ്. കോട്ടക്കൽ മണ്ഡലം ജാഥയ്‌ക്ക് വളാഞ്ചേരിയിലാണ് സ്വീകരണം. വളാഞ്ചേരി ഡിആർകെ യുപി സ്‌കൂളിൽ ചേർന്ന സ്വീകരണ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ ഉദ്‌ഘാടനംചെയ്‌തു. വി പി സക്കറിയ ചെയർമാനും വി കെ രാജീവ് കൺവീനറുമാണ്.
നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. ചെയർമാനായി പി വി അൻവർ എംഎൽഎയേയും ജനറൽ കൺവീനറായി ജോർജ് കെ ആന്റണിയേയും തെരഞ്ഞെടുത്തു. മഞ്ചേരി സിഐടിയു സെന്ററിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ചെയർമാനായി അഡ്വ. സി ശ്രീധരൻ നായരെയും കൺവീനറായി പി രാധാകൃഷ്‌ണനെയും തെരഞ്ഞെടുത്തു.
പൊന്നാനിയിൽ എ വി ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ ഉദ്‌ഘാടനംചെയ്‌തു. ഭാരവാഹികൾ: പി നന്ദകുമാർ എംഎൽഎ (ചെയർമാൻ), ടി സത്യൻ (കൺവീനർ).
യോഗങ്ങൾ ഇന്ന്
വെള്ളിയാഴ്‌ച ഏറനാട്, തിരൂർ, തിരൂരങ്ങാടി, താനൂർ, വണ്ടൂർ, കൊണ്ടോട്ടി മണ്ഡലം സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗങ്ങൾ. അരീക്കോടാണ് ഏറനാട് മണ്ഡലത്തിലെ വരവേൽപ്പ്.
സ്വീകരണ കമ്മിറ്റി രൂപീകരണ യോഗം വൈകിട്ട് അഞ്ചിന് പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ചേരും. തിരൂരിൽ വൈകിട്ട് അഞ്ചിന് തിരൂർ ജിയുപി സ്‌കൂളിലും താനൂരിൽ വൈകിട്ട് നാലിന് താനൂർ ബസ്‌സ്‌റ്റാൻഡ് പരിസരത്തും വണ്ടൂരിൽ വൈകിട്ട് നാലിന് ടി കെ ഗാർഡൻ ഓഡിറ്റോറിയത്തിലും കൊണ്ടോട്ടിയിൽ വൈകിട്ട് 4.30ന് വൈദ്യർ സ്‌മാരകത്തിലുമാണ് യോഗം.
തിരൂരങ്ങാടി മണ്ഡലത്തിൽ ജാഥ എത്തുക ചെമ്മാടാണ്. വൈകിട്ട് നാലിന് ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ കമ്മിറ്റി രൂപീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..