Deshabhimani

പുതുച്ചേരിയിൽ 30 വർഷത്തിനിടെ ഏറ്റവും കനത്ത മഴ ജനജീവിതം നിശ്‌ചലം, 
ആശങ്കയോടെ മലയാളികളും

വെബ് ഡെസ്ക്

Published on Dec 01, 2024, 11:33 PM | 0 min read

പുതുച്ചേരി
ഫെയ്‌ൻജൽ ചുഴലിക്കാറ്റും തോരാമഴയും പുതുച്ചേരിയിൽ കനത്തനാശം വിതച്ചു. പുതുച്ചേരി ടൗണും സമീപ ഗ്രാമങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം നിശ്‌ചലമായി. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി. ശനി രാവിലെ ആരംഭിച്ച മഴയും കാറ്റും നിർത്താതെ തുടരുന്നത്‌ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്‌. 
ഞായർ രാവിലെ 8.30വരെ 24 മണിക്കൂറിനിടെ 48.6 സെന്റീമീറ്റർ മഴയാണ്‌ രേഖപ്പെടുത്തിയത്‌. 30 വർഷത്തെ പുതുച്ചേരിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണിത്‌.  
പേമാരിയിൽ കനാലുകൾ  കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. പ്രളയസമാനമായ സ്ഥിതിയിലാണ്‌ നഗരവും. ഗ്രാമീണ മേഖലയിൽ വ്യാപക കൃഷിനാശമാണുണ്ടായത്‌.  ചുഴലിക്കാറ്റിൽ മരങ്ങൾ വ്യാപകമായി കടപുഴകിവീണ്‌ വൈദ്യുതിബന്ധം താറുമാറായി. 
ഗ്രാമങ്ങളിൽ ശനിയാഴ്‌ച നിലച്ച വൈദ്യുതി ഞായറാഴ്‌ച രാത്രിയും പുനസ്ഥാപിച്ചിട്ടില്ല. മൊബൈൽഫോൺ പലയിടത്തും നിശ്‌ചലമായി.  പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും വിവിധ പ്രൊഫഷണൽ കോളേജുകളിലുമായി നൂറുകണക്കിന്‌ മലയാളികൾ പഠിക്കുന്ന നഗരമാണ്‌ പുതുച്ചേരി. 
ചുഴലിക്കാറ്റ്‌ മുന്നറിയിപ്പും അവധിയും പ്രഖ്യാപിച്ചതോടെ ചുരുക്കം വിദ്യാർഥികൾ നാട്ടിലേക്ക്‌ മടങ്ങി.  ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലും ഹോട്ടലുകളിലുമായി വിദേശികളടക്കം നിരവധിപ്പേർ പുറത്തിറങ്ങാനാകാതെ കുടുങ്ങി.
 

 



deshabhimani section

Related News

0 comments
Sort by

Home