13 October Sunday

മാറിയില്ലെങ്കിൽ മാറ്റും മടിക്കൈ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മടിക്കൈ പഞ്ചായത്ത് മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര

മടിക്കൈ
കേരളത്തെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി മടിക്കൈ പഞ്ചായത്തിൽ പ്രവർത്തനം ഊർജിതമായി.  ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ  സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കിയാണ് പ്രചാരണം. 
പ്രശ്‌നരഹിതവും പ്രായോഗികവുമായ മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടാക്കുക, പുനരുപയോഗം , പുനരുപയോഗം ചെയ്യുന്ന ശീലം പ്രോത്സാഹിപ്പിക്കുക, പ്രകൃതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുക, അശാസ്ത്രീയവും അനാരോഗ്യകരവുമായ മാലിന്യനിക്ഷേപത്തിനെതിരെ നിയമ നടപടി ആരംഭിക്കുക, മികച്ച മാലിന്യ സംസ്‌കരണ രീതി  പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.  
പഞ്ചായത്തിൽ വിപുലവും പ്രായോഗികവുമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കോട്ടപ്പാറ, അമ്പലത്തുകര, പൂത്തക്കാൽ, മുണ്ടോട്ട്, കാഞ്ഞിരപ്പൊയിൽ, മൂന്നുറോഡ്, എരിക്കുളം ബങ്കളം, കൂലോം റോഡ്, മേക്കാട്ട്, കാലിച്ചാംപൊതി തുടങ്ങിയ ടൗൺ പ്രദേശങ്ങൾ ശുചീകരിക്കും.
ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ ശക്തവും കുറ്റമറ്റതുമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാന റോഡുകളുടെ ഓരങ്ങളിൽ ചെടികളും ചെറുവൃക്ഷതൈകളും പിടിപ്പിക്കുന്ന ഹരിത പാതയോരം പദ്ധതിയും നടപ്പാക്കും. പൊതുഇടങ്ങളുടെ സൗന്ദര്യവൽക്കരണം, തോട് നവീകരണം, സ്കൂളുകൾക്ക് ടോയിലറ്റ് നിർമാണം, കുടിവെള്ള പരിശോധന സംവിധാനം ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. മേക്കാട്ട് മടിക്കൈ രണ്ട്‌  ജിവിഎച്ച്എസ്എസിൽ പ്രവർത്തിക്കുന്ന ജലപരിശോധന ലാബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നു. കുളം നവീകരണം, സ്കൂൾ ശുചീകരണം എന്നിവയും നടത്തും.
200 സോക്ക് പിറ്റ് നിർമാണം, 50 കമ്പോസ്റ്റ് കുഴി നിർമാണം, 30 മിനി എംസിഎഫ് സ്ഥാപിക്കൽ, ഹരിത അയൽക്കൂട്ട പ്രഖ്യാപനം, സ്കൂൾ ഹരിതസേന രൂപീകരണം എന്നിവയുടെ പ്രവർത്തനങ്ങളും കൃത്യമായി നടന്നുവരുന്നു. അമ്പലത്തുകര, മേക്കാട്ട്, ബങ്കളം, ചാളക്കടവ് ആയുർവേദ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ ടെയ്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഭൗതിക സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top