പിലിക്കോട്
വയോജന ക്ഷേമപ്രവർത്തനം മുൻനിർത്തി സംസ്ഥാന സർക്കാർ നൽകുന്ന വയോസേവന പുരസ്‌കാരം പിലിക്കോട് പഞ്ചായത്ത് ഏറ്റുവാങ്ങി. ഭരണസമിതി ജനകീയ സഹകരണത്തോടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന പുരസ്കാരം.
നൂതനവും വൈവിധ്യവുമായ പദ്ധതികളിലൂടെ വയോജനങ്ങളുടെ മാനസിക ഉല്ലാസം, ക്ഷേമം, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി. സ്നേഹക്കൂട് വയോജന പദ്ധതിയിലൂടെ കരുതലും തണലും ഒരുക്കി. ഒരു സായം പ്രഭാ ഹോമും രണ്ട് പകൽ വീടും പ്രവർത്തിക്കുന്നു. 16 വാർഡുകളിലായി 4,714 വയോജനങ്ങളിൽ 2,038 പുരുഷന്മാരും 2,676 സ്ത്രീകളുമാണ്.
വിവിധ വാർഡുകളിലായി 106 അയൽക്കൂട്ടങ്ങളും 16 വാർഡ് തല വയോജന സമിതിയും പഞ്ചായത്ത് തല സമിതിയും പ്രവർത്തിക്കുന്നു. വയോജന സംഗമങ്ങൾ, അലോപ്പതി- ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, നേത്ര പരിശോധന ക്യാമ്പുകൾ, പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി സേവനം, പ്രതിവാര ആരോഗ്യപരിശോധന ക്ലിനിക്കുകൾ, വയോജന ഇരിപ്പിടം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ആരോഗ്യ കേന്ദ്രങ്ങളെ വയോജന സൗഹൃദമാക്കൽ, അധിക സൗകര്യമൊരുക്കൽ, ഏറോബിക് എക്സസൈസ്, വയോസ്മിതം ദന്തൽ കെയർ ക്ലാസ്, യോഗ പരിശീലനം, ഉല്ലാസയാത്ര, വയോ പോഷണ കിറ്റ് വിതരണം, കട്ടിൽ വിതരണം, റേഷൻ കാർഡ്, പെൻഷൻ, ഭവന പുനരുദ്ധാരണം, മെഡിക്കൽ ക്യാമ്പ്, പോഷകാഹാര കിറ്റ് എന്നിവ ഉറപ്പുവരുത്തി.
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം പ്രവർത്തനത്തിന് 60 ലക്ഷം രൂപയോളം ചെലവഴിച്ചു. തിരൂരിൽ സംസ്ഥാന ദിനാഘോഷത്തിൽ മന്ത്രി ആർ ബിന്ദുവിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരിയും ജനപ്രതിനിധികളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..