13 October Sunday

തദ്ദേശ അദാലത്ത്‌ വ്യാജ പ്രചാരണങ്ങൾ മറികടന്ന്‌ പ്രശ്‌നങ്ങൾ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ബത്തേരിയിൽ നടന്ന തദ്ദേശ അദാലത്ത്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 ബത്തേരി

മുണ്ടക്കൈ ഉരുൾപൊട്ടലിനുശേഷമുൾപ്പെടെ സർക്കാരിനെതിരെയുണ്ടായ വ്യാജപ്രചാരണങ്ങളെ മറികടന്ന്‌ പുനരധിവാസവും ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ  മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള  നൂറുദിന പരിപാടിയുടെ ഭാഗമായി ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടത്തിയ  ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ദുരന്തം അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി അണിനിരന്നു. തദ്ദേശ വകുപ്പ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മാതൃകാപരമായി ഇടപെട്ടു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാൻ പഴുതടച്ച ഇടപെടലുമായാണ്‌ മുന്നോട്ട്‌ പോകുന്നത്‌. മഹത്തായ അതിജീവനമാതൃകയെ കളങ്കപ്പെടുത്താൻ സൃഷ്‌ടിച്ച വ്യാജവാർത്തകൾക്ക്‌ ഒരുദിവസം പോലും ആയുസ്സുണ്ടായില്ല. തടസ്സങ്ങളെല്ലാം മറികടന്ന്‌ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരംകാണും. തദ്ദേശ അദാലത്തിലൂടെ നിയമത്തിനും ചട്ടത്തിനും വിധേയമായി പരിഹരിക്കാനാകുന്ന  പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയാണ്‌. എല്ലാ ജില്ലകളിലെയും അദാലത്ത്‌ പൂർത്തിയായി.  18,000ൽ അധികം പരാതികൾക്ക് പരിഹാരം കണ്ടു. നിയമലംഘനങ്ങൾ സാധൂകരിക്കുന്നതിന് വേണ്ടിയല്ല അദാലത്ത്. നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ, ദുർവ്യാഖ്യാനം നടത്തിയോ അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെങ്കിൽ പരിഹരിക്കാനുള്ള ഇടപെടലാണ്‌ അദാലത്തിലൂടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
 ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, എഡിഎം കെ ദേവകി, തദ്ദേശ വകുപ്പ് ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, ചീഫ് എൻജിനിയർ കെ ജി സന്ദീപ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ എച്ച് ബി പ്രദീപൻ, എൽഎസ്ജിഡി ജോയിന്റ്‌ ഡയറക്ടർ ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top