28 September Tuesday

ഉദ്ഘാടനത്തിനൊരുങ്ങി 32 
ടേക്ക് എ ബ്രേക്ക് ടോയ്‌‌ലറ്റ് സമുച്ചയം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കുന്നന്താനം പഞ്ചായത്തിൽ പൂർത്തിയായ ടേക്ക് എ ബ്രേക്ക് ടോയ്‌‌ലറ്റ് സമുച്ചയം

പത്തനംതിട്ട
മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സെപ്തംബർ ഒന്നോടെ 27 തദ്ദേശസ്ഥാപനങ്ങളിലായി ഉദ്ഘാടനം ചെയ്യുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്‌‌ലറ്റ് സമുച്ചയം. പൂർത്തീകരണ ഘട്ടത്തിലെത്തിയ ഇവയുടെ ഫീൽഡുതല പരിശോധന  നടന്നുവരുന്നു. ആഗസ്ത്‌ പത്തിനകം ആദ്യഘട്ട ഫീൽഡുതല പരിശോധന റിപ്പോർട്ട് നൽകാനും 25 നകം സമ്പൂർണ പൂർത്തീകരണം ഉറപ്പുവരുത്തി രണ്ടാംഘട്ട  റിപ്പോർട്ട് ജില്ലാ ശുചിത്വമിഷനും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറാനുമാണ് കലക്ടറുടെ നിർദേശം. 
മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് തദ്ദേശസ്ഥാപനങ്ങളിൽ ഉന്നത നിലവാരത്തിലുള്ള ടോയ്‌‌ലറ്റ് സമുച്ചയങ്ങൾ അടിസ്ഥാനതലം, സ്റ്റാൻഡേർഡ് തലം, പ്രീമിയം എന്നീ മൂന്ന് തലങ്ങളിലായി നിർവഹണം ആരംഭിച്ചത്. സർക്കാർ നിർദേശിച്ചിട്ടുള്ള വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റ്, വാഷ് ബേസിൻ, കണ്ണാടി തുടങ്ങിയവ സജ്ജീകരിക്കും.  പ്രീമിയം തലത്തിൽ കോഫി ഷോപ്പും പ്രവർത്തിപ്പിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ്‌ വിഭാഗത്തിനാണ് നിർമാണ ചുമതല. 
പരിപാലന ചുമതല പേ ആൻഡ്‌ യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകളാണ് നിർവഹിക്കുക. 
ജില്ലയിൽ ആറു കോടി 40 ലക്ഷം രൂപയ്ക്കുള്ള 87 പ്രോജക്ടുകൾക്കാണ് രൂപം നൽകിയത്. ഇതിൽ 68 എണ്ണമാണ് നിർവഹണ പുരോഗതിയിലുള്ളത്. ജില്ലയിൽ ആദ്യമായി സമുച്ചയം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് കൊടുമൺ പഞ്ചായത്തിലാണ്. അടൂർ, പത്തനംതിട്ട നഗരസഭകൾ, ആനിക്കാട്, കോട്ടാങ്ങൽ, റാന്നി പെരുനാട്, മല്ലപ്പള്ളി, ചിറ്റാർ, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളം തെക്കേക്കര, മലയാലപ്പുഴ, വള്ളിക്കോട്, അരുവാപ്പുലം, പ്രമാടം, കോന്നി, സീതത്തോട്, റാന്നി പഴവങ്ങാടി, ഓമല്ലൂർ, ഇരവിപേരൂർ, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം പഞ്ചായത്തുകളാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. ഉദ്ഘാടനത്തിനൊരുങ്ങുന്നവയിൽ 21 എണ്ണം അടിസ്ഥാനതലത്തിലും ഒൻപതെണ്ണം സ്റ്റാൻഡേർഡ് തലത്തിലും ഓമല്ലൂർ, ഇരവിപേരൂർ എന്നിവിടങ്ങളിലേത് പ്രീമിയം തലത്തിലുമാണ്. 
പന്തളം നഗരസഭയിൽ ഏറ്റെടുത്ത അഞ്ചിൽ നാലും നിർമാണം ആരംഭിച്ചിട്ടില്ല. ഇലന്തൂർ, കടപ്ര, വെച്ചൂച്ചിറ, വടശ്ശേരിക്കര, കോയിപ്രം, കുളനട, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top