07 August Friday
ക്വട്ടേഷൻ സുപ്രീംകോടതി അഭിഭാഷകന്റേത‌്

വധശ്രമം: ഗുണ്ടാസംഘം പിടിയിൽ

സ്വന്തം ലേഖകൻUpdated: Thursday Jul 2, 2020
ചേർത്തല
സുപ്രീംകോടതി അഭിഭാഷകന്റെ ക്വട്ടേഷനിൽ ബന്ധുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഗുണ്ടാനേതാവ‌് ഉൾപ്പെടെ നാലുപേരെ ചേർത്തല പൊലീസ‌് പിടികൂടി. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട‌് പരോളിലിറങ്ങിയ ഒരാളുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ‌് പിടിയിലായവർ. 
ചേർത്തല നഗരസഭ 21﹣-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷി (48) നെ അക്രമിച്ച കേസിലാണ് അറസ‌്റ്റ‌്. തൃശൂർ നെല്ലായി വയലൂർ കൈപ്പള്ളിഭവനിൽ കഞ്ചൻ എന്നറിയപ്പെടുന്ന രാഗേഷ് (43), എറണാകുളം ഞാറക്കൽ പണിക്കശേരിൽ ലെനീഷ് (33), ഞാറക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ്‌ ലിബിൻ (25), വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം(34) എന്നിവരാണ് അറസ്‌റ്റിലായത‌്. 
മൂന്ന‌് കൊലക്കേസ്‌ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ രാഗേഷ്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട‌്  പരോളിലിറങ്ങിയതാണ‌്. കൊലപാതകം ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ‌് ലെനീഷ‌്. 11 കേസുകളിൽ പ്രതിയാണ‌് ശ്യാം. ചേർത്തല പൊലീസ് ഇൻസ‌്പെക‌്ടർ പി ശ്രീകുമാർ, എസ്ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ‌് അറസ്‌റ്റ്‌.
  സുരേഷിന്റെ ബന്ധുവും അഭിഭാഷകനുമായ ബാലകൃഷ‌്ണപിള്ളയാണ‌് കേസിലെ ഒന്നാംപ്രതി. ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ ചേർത്തല സ്വദേശി രണ്ടാംപ്രതിയാണ‌്. ഇവർ ഒളിവിലാണെന്ന‌് പൊലീസ‌് പറഞ്ഞു. അഭിഭാഷകന്റെ ഭാര്യയും സുരേഷുമായി വഴിത്തർക്കവുമായി ബന്ധപ്പെട്ട്‌  കേസുണ്ട‌്. 
 സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി ഉമാദേവി (53) യെ സംഘം ഉപദ്രവിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ സുരേഷിന്റെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിക്ക‌് പരാതി നൽകിയിരുന്നു. എസ്ഐമാരായ ചന്ദ്രശേഖരൻനായർ, ബാബു, എഎസ്ഐ സലിംകുമാർ, സിപിഒമാരായ രതീഷ്, അജിത്, ട്രീസ എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top