13 July Monday

വായനശാലകൾ സമഗ്ര വികസനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ചാലക്കുടി
ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ അന്നനാട് ഗ്രാമീണ വായനശാലയുടെ സമഗ്ര വികസനത്തിനായി  ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. റീഡിങ്‌ റൂം, സ്റ്റേജ് തുടങ്ങി അനുബന്ധ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ലൈബ്രറിയിൽ വായനശാലയുടെതന്നെ ചലച്ചിത്ര കൂട്ടായ്മയായ ഫ്രെയിംസ് ഫിലിം സൊസൈറ്റിയും തൃശൂർ ജില്ലാ പഞ്ചായത്തും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകവും ചേർന്ന് സംഘടിപ്പിക്കുന്ന അന്നനാട് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദിയോടൊപ്പം    ചലച്ചിത്ര പഠന കേന്ദ്രവും അടങ്ങുന്നതാണ് പദ്ധതി.
അത്യാധുനിക സംവിധാനങ്ങളോടെ ജില്ലയിൽതന്നെ ഒരു ഗ്രന്ഥശാലയിൽ മിനി തിയറ്റർ ഒരുങ്ങുന്ന ആദ്യത്തേതാകും അന്നനാട് ഗ്രാമീണ വായനശാല. വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ, ശിൽപ്പശാലകൾ തുടങ്ങിയവയ്ക്ക് പദ്ധതി ഭാവിയിൽ ഉപയോഗപ്രദമാകും. 
വായനശാലയിലെ പുസ്തക സ്റ്റോക്ക്, അംഗത്വം, വരിസംഖ്യ, പുസ്തക വിതരണം തുടങ്ങിയവ കംപ്യൂട്ടറൈസ് ചെയ്യുന്നതിന് ഒന്നര ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിക്കും ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയിട്ടുണ്ട്. കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടും. 
വായനക്കാരൻ ആവശ്യപ്പെടുന്ന പുസ്‌തകം ഒരു മൗസ്‌ ക്ലിക്കിൽ റാക്കിൽനിന്ന്‌ കണ്ടെടുക്കാനും ലൈബ്രറിയിൽ ലഭ്യമായ പുസ്‌തകങ്ങൾ ഓൺലൈനായി ലോകത്ത്‌ എവിടെനിന്നും അറിയാനും കഴിയുന്ന സംവിധാനമായാണ് പദ്ധതി ഒരുങ്ങുന്നത്.
കാതിക്കുടം പനമ്പിള്ളി വായനശാലാ വനിതാ മന്ദിരത്തിന്‌ പത്തുലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു. കൊരട്ടി പഞ്ചായത്തിലെ കെഎൽഎസി വായനശാല കെട്ടിടം, പാറക്കൂട്ടം ജനകീയ വായനശാല കെട്ടിടം എന്നിവ പൂർത്തീകരിച്ചു.   മേലൂർ പഞ്ചായത്തിലെ വായനശാലകൾക്ക് അഞ്ചുലക്ഷം രൂപ ഹൈടെക്ക് ആക്കാൻ നൽകി. 
വരും വർഷങ്ങളിൽ കൊരട്ടി ഡിവിഷനിലെ വായനശാലകൾ നടത്തുന്ന മുന്നേറ്റം സമാനതകളില്ലാത്തതാകും.
പ്രധാന വാർത്തകൾ
 Top