12 July Sunday

9 പേര്‍ക്കുകൂടി ആകെ രോഗികൾ 49, 12,291 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 തൃശൂർ

ജില്ലയിൽ ഒമ്പതു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്തുനിന്നെത്തിയ പുരുഷന്മാരാണ്.  ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിതരായി 49 പേർ ചികിത്സയിലുണ്ട്‌. അബുദാബിയിൽനിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി(32), ഇരിങ്ങാലക്കുട സ്വദേശി(46), കാറളം സ്വദേശി(27), തൃക്കൂർ സ്വദേശി(38), കാറളം സ്വദേശി(28), ദോഹയിൽ നിന്നെത്തിയ കുന്നംകുളം സ്വദേശി(17), മതിലകം സ്വദേശി(59), പുന്നയൂർക്കൂളം സ്വദേശി(29), കുവൈത്തിൽ നിന്നെത്തിയ കുന്നംകുളം സ്വദേശി(17) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12,216 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ 12,291 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ ഡിസ്ചാർജ് ചെയ്തു. 
തിങ്കളാഴ്ച അയച്ച 55 സാമ്പിൾ ഉൾപ്പെടെ ഇതുവരെ 2696 സാമ്പിൾ പരിശോധനയ്ക്കയച്ചു. അതിൽ 2215 എണ്ണത്തിന്റെ ഫലം വന്നു. 481 എണ്ണത്തിന്റെ ലഭിക്കാനുണ്ട്. കൂടാതെ, വിവിധ മേഖലയിലുള്ള 826 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പൊലീസ്, ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ, റേഷൻ കടകളിലെ ജീവനക്കാർ, അതിഥിത്തൊഴിലാളികൾ, 60 വയസ്സിനു മുകളിലുള്ളവർ, കോവിഡ് ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.
ചരക്കുവാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുള്ളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1421 പേരെയും മത്സ്യമാർക്കറ്റിൽ 911 പേരെയും ബസ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ 77 പേരെയും സ്ക്രീൻ ചെയ്തു.
നാല്‌ അന്തർസംസ്ഥാന ബസുകളിലെത്തിയ 22 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലിറക്കി, നിർദിഷ്ട പ്രദേശങ്ങളിലെ വീടുകളിലേക്കും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്കും മാറ്റി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 511 പേരെ സ്ക്രീൻ ചെയ്തു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനന്ദപുരം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി.
പ്രധാന വാർത്തകൾ
 Top