14 July Tuesday

എസി റോഡ്‌ എലിവേറ്റഡ്‌ ഹൈവേ 3 വർഷത്തിനകം: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ആലപ്പുഴ > ആലപ്പുഴ- ചങ്ങനാശേരി റോഡ് എലിവേറ്റഡ്‌ ഹൈവേ നിർമാണം മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള പുനർനിർമാണ പദ്ധതിയിലുൾപ്പെടുത്തി 624.48 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്‌ കഴിഞ്ഞദിവസമാണ്‌ ഭരണാനുമതി ലഭിച്ചത്‌. മഴക്കാലം അവസാനിക്കുന്നതിന്‌ മുമ്പ്‌ ടെൻഡർ ചെയ്യാനാണ്‌ ശ്രമം. നിർമാണോദ്‌ഘാടനം വൈകാതെ ഉണ്ടാകും.

കളർകോട്‌ മുതൽ ചങ്ങനാശേരി പെരുന്ന വരെ 24.14 കിലോമീറ്റർ റോഡാണ്‌ പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ ഉയർത്തി നിർമിക്കുന്നത്‌. പത്തു മീറ്റർ വീതിയിലാണ്‌ രണ്ടുവരിപ്പാത‌‌. നടപ്പാതകൂടി ഉൾപ്പെടുമ്പോൾ 13–- 14 മീറ്ററാകും. വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ചിടങ്ങളിൽ ഫ്ലൈഓവർ നിർമിക്കും. വലിയ പാലങ്ങളുടെ വീതികൂട്ടൽ, നടപ്പാത, ചെറിയ പാലങ്ങൾ, ക്രോസ്‌ വേ, കൾവർട്ട്‌ തുടങ്ങിയവയുടെ നിർമാണവും പദ്ധതിയിലുണ്ട്‌. 

ഇഎംഎസ്‌ സർക്കാരിന്റെ സമ്മാനം

ഐക്യ കേരളത്തിലെ ആദ്യ റോഡുകളിലൊന്നായ എസി റോഡ്‌ ആലപ്പുഴക്കുള്ള ഇ എം എസ്‌ സർക്കാരിന്റെ സമ്മാനമായിരുന്നു. കുട്ടനാട്ടിലെ ആദ്യ റോഡാണിത്‌. 1955ൽ‌ കൈതവന മുതൽ പെരുന്നവരെ റോഡ്‌ നിർമാണം തുടങ്ങി‌. കുട്ടനാട്ടിലെ ചെളികുത്തിയെടുത്ത്‌ നിരത്തിയാണ്‌ ആദ്യഘട്ടത്തിൽ റോഡ്‌ നിർമിച്ചത്‌. 11 പാലങ്ങളുടെ പണി പൂർത്തിയാക്കി രണ്ടു വർഷത്തിനുശേഷം മുഖ്യമന്ത്രി ഇ എം എസ്‌‌ റോഡ്‌ ഉദ്‌ഘാടനംചെയ്‌തു. അന്ന്‌ മൂന്ന്‌ വലിയപാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നില്ല. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾ നിർമിച്ച്‌ നാടിനു സമർപ്പിച്ചത്‌ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ്‌. 

പ്രളയത്തെ അതിജീവിക്കാൻ
 
കുട്ടനാട്ടിലെ ഭൂപ്രകൃതിയും മണ്ണിന്റെ പ്രത്യേകതയും റോഡിന്‌ പലതവണ വിനയായി. മഴക്കാലത്ത്‌ റോഡ്‌ ഇടിഞ്ഞുതാഴുക പതിവായി. 2018ലെ പ്രളയത്തിൽ എസി റോഡ്‌ പൂർണമായി വെള്ളത്തിൽ മുങ്ങി. 60 സെന്റീ മീറ്റർ മുതൽ 1.30 മീറ്റർ വരെയാണ്‌ ജലനിരപ്പുയർന്നത്‌. രണ്ടു മാസം ഗതാഗതം മുടങ്ങി. പ്രളയജലം ഇറങ്ങിയതോടെ 90 ലക്ഷം രൂപ മുടക്കി കുഴി അടച്ചു. പത്തുകോടി ചെലവിൽ താഴ്‌ന്ന പ്രദേശങ്ങൾ 30 മുതൽ 40 സെന്റീമീറ്റർവരെ ഉയർത്തി. കളർകോട്‌ മുതൽ പെരുന്ന വരെ ഏഴു മീറ്റർ വീതിയിൽ ഉപരിതലം പുതുക്കി.
 
പ്രളയാനുഭവമാണ്‌ എലിവേറ്റഡ്‌ ഹൈവേ എന്ന ആശയത്തിലേക്ക്‌ നയിച്ചത്‌‌. പ്രളയത്തെ അതിജീവിക്കുന്ന റോഡ്‌ നിർമാണത്തിന്‌‌ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരന്‌ നിർദ്ദേശം നൽകി. 2018ലും കഴിഞ്ഞവർഷവും മന്ത്രിയുടെ അധ്യക്ഷതയിൽ ശിൽപ്പശാല നടത്തി അഭിപ്രായം സമാഹരിച്ചു. റോഡ്‌ ഉയർത്തി നിർമിക്കുക, പറ്റാത്ത സ്ഥലങ്ങളിൽ ഫ്ലൈ ഓവർ നിർമിക്കുക എന്നീ നിർദ്ദേശങ്ങളാണ്‌ ഉയർന്നത്‌. മണ്ണ്‌ പരിശോധന, ട്രാഫിക്‌, ടോട്ടൽ സ്‌റ്റേഷൻ സർവേ തുടങ്ങിയവ നടത്തി. 95 സ്ഥലങ്ങളിൽ 75 മീറ്ററോളം ആഴത്തിൽ‌ മണ്ണിന്റെ ഘടനാപരിശോധന നടത്തി‌. റോഡിന്റെ തൽസ്ഥിതി, കലുങ്കുകൾ, പാലങ്ങൾ, സമീപത്തെ കെട്ടിടങ്ങൾ എന്നിവയുടെ  ഉപരിതല സർവേ നടത്തി അലൈൻമെന്റ് പ്ലാൻ തയ്യാറാക്കി. തുടർന്നാണ്‌‌ പദ്ധതി രേഖ മന്ത്രിസഭയ്‌ക്കു മുന്നിൽവച്ച്‌ അനുമതി നേടിയത്‌. 
പ്രധാന വാർത്തകൾ
 Top