27 May Wednesday

മാനസിക പിന്തുണയുമായി ‘സ്നേഹിത’യും

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020
കണ്ണൂർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ ക്വാററ്റൈനിൽ കഴിയുന്നവർക്ക് മനോധൈര്യം പകർന്ന് കുടുംബശ്രീയുടെ ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡസ്ക്‌.  ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ   വൈറസ് ബാധ, രോ​ഗവ്യാപനം, പ്രതിരോധ മാർ​ഗം എന്നിവ സംബന്ധിച്ച സംശയ നിവാരണവും നൽകുന്നുണ്ട്.
 സാധാരണക്കാർക്ക്‌  രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും  അവബോധം ലഭ്യമാക്കുന്നതിനും രോഗഭയം അകറ്റുന്നതിനും ആവശ്യമായ മാർഗമൊരുക്കുക എന്നതു ലക്ഷ്യമിട്ടാണ്  സ്നേഹിത വഴി സൗജന്യ ടെലി കൗൺസലിങ് ആരംഭിച്ചത്. ഇതിനകം നിരവധി പേർ  കൗൺസലിങ് നേടി. രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്നേഹിതയുടെ ഓഫീസ് അടച്ചെങ്കിലും ഇവിടെയുള്ള രണ്ട് കൗൺസിലർമാർ, രണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുടെ നമ്പരുകളിലേക്ക് ലാൻഡ് നമ്പരും ടോൾഫ്രീ നമ്പരും കോൾ ഡൈവർട്ട് ചെയ്തുകൊണ്ടാണ് കൗൺസലിങ് തുടരുന്നത്.  നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് വിളിക്കുന്നത്. 
ബിവറേജ് ഔട്ട് ലെറ്റ്‌ അടച്ചതിനാൽ മദ്യാസക്തരായവർ നേരിടുന്ന ശാരീരിക വിഷമത അറിയിച്ച്‌ അവരുടെ വീടുകളിൽനിന്നും സഹായമഭ്യർഥിച്ച്‌  കമ്യൂണിറ്റി കൗൺസിലർമാരെ വിളിക്കാറുണ്ട്. ഇതു പ്രകാരം 23 പേരെ പയ്യന്നൂരിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി ഡീഅഡിക്ഷൻ സെന്ററിലേക്കും ഐആർപിസി ഡി അഡിക്ഷൻ കേന്ദ്രത്തിലെയും ചികിത്സയും ഉറപ്പാക്കി.   സൗജന്യ ടെലി കൗൺസലിങ്ങിനായി  ടോൾ ഫ്രീ 18004250717,  ലാൻഡ് ലൈൻ 0497-2721817 നമ്പറിൽ വിളിക്കാം.
പ്രധാന വാർത്തകൾ
 Top