16 April Friday

പാലമിതാ ഉയരുന്നു കടവിൽ കാത്തിരിപ്പില്ല

വിനോദ്‌ തലപ്പള്ളിUpdated: Tuesday Mar 2, 2021

പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി ഒ ശ്രീനിവാസൻ പുതിയ പാലം വരുന്ന നായർ തോട് കടവിൽ

തിരൂർ

പേമാരിയിലും കുത്തൊഴുക്കിലും പുഴ കടക്കാൻ കാത്തിരുന്ന ‘നായർതോട്‌ കടവ്’‌ പതിയെ ഓർമയാകും‌. സർക്കാരിന്റെ വികസന കുതിപ്പിൽ നായർത്തോട്‌ കടവിനും പുതിയ മുഖം.  തവനൂരിന്റെ കാലങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ പാലം വരുന്നു. 41.70 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിക്കുന്നത്. കിഫ്ബി വഴിയാണ് തുക ലഭ്യമാക്കുന്നത്. 432 മീറ്റർ നീളമുള്ള പാലം നിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാക്കും. മുമ്പ്‌ തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ 55 കോടി രൂപ ചെലവിലാണ് പാലം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പുതിയ പ്ലാനിൽ അനുബന്ധ റോഡിന്റെ നീളം കുറച്ചും പുഴയുടെ കുറഞ്ഞ ദൂരവും വിലയിരുത്തി കിഫ്ബിയാണ്‌ ഫണ്ടനുവദിച്ചത്. പുറത്തൂർ പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി കീറിമുറിച്ചാണ്‌ തിരൂർ –-പൊന്നാനി പുഴയൊഴുകുന്നത്‌. പ്രദേശവാസികൾക്ക് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള ഭരണ സിരാകേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക്‌ സ്‌കൂളിലെത്താനും കടത്ത് വഞ്ചികളാണ്‌ ഏക ആശ്രയം. അഴിമുഖത്തോട് ചേർന്നുള്ള കടത്ത് ‌ഏറെ ആശങ്ക നിറഞ്ഞതുമാണ്‌. വർഷക്കാലത്ത് പലപ്പോഴും കടത്ത് മുടങ്ങുകയും ചെയ്യും.  പാലം നിർമിക്കാനായി എൻ പി അബ്ദുറഹീം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി പ്രമേയങ്ങൾ പാസാക്കിയിരുന്നു. 2011-ൽ പി പി അബ്ദുള്ളക്കുട്ടി എംഎൽഎ ആയിരുന്ന വേളയിൽ‌ 28 കോടി രൂപ ബജറ്റിൽ വകയിരുത്തി. മണ്ണ് പരിശോധനയും പൂർത്തിയാക്കി. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയതോടെ പദ്ധതി മുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ പ്രഖ്യാപനങ്ങൾ ഏറെയുണ്ടായി. എന്നാൽ  നിർമാണം തുടങ്ങിയില്ല. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ്‌ പദ്ധതി പുനരാരംഭിച്ചത്‌. സ്ഥലം എംഎൽഎകൂടിയായ മന്ത്രി കെ ടി ജലീലി​ന്റെ ഇടപെടലിലാണ്‌  ഫണ്ട് അനുവദിച്ചത്. പാലം യാഥാർഥ്യമായാൽ പടിഞ്ഞാറെക്കരയിലെ താമസക്കാരുടെ  യാത്രാദുരിതത്തിന്‌ പരിഹാരമാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top