31 March Friday

കൊല്ലമില്ലാത്ത ബജറ്റ്‌

സ്വന്തം ലേഖകൻUpdated: Thursday Feb 2, 2023

യുവജനവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ കൊല്ലത്തു നടത്തിയ പന്തം കൊളുത്തി പ്രകടനം

കൊല്ലം
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്‌ക്ക്‌ നിരാശ. കൊല്ലത്തിന്റെ പ്രധാന തൊഴിൽമേഖലയായ കശുവണ്ടി ഉൾപ്പെടെ പരമ്പരാഗത മേഖലയെ അപ്പാടെ അവഗണിച്ച ബജറ്റ്‌ അടഞ്ഞുകിടക്കുന്ന പാർവതി മില്ലിനെയും തഴഞ്ഞു. കശുവണ്ടി വ്യവസായത്തിനുള്ള ഉത്തേജന പാക്കേജ്‌ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയാനും സംസ്കരിച്ച പരിപ്പിന്റെ  ഇറക്കുമതിക്ക്‌ നിയന്ത്രണം കൊണ്ടുവരാനുമുള്ള പ്രഖ്യാപനവും ഇത്തവണയും ഉണ്ടായില്ല.  
      കൊല്ലം കേന്ദ്രീകരിച്ച്‌ കാഷ്യൂ ബോർഡിന്‌ രൂപം നൽകണമെന്ന നീണ്ടനാളത്തെ ആവശ്യവും പരിഗണിച്ചില്ല. രാജ്യത്ത്‌ അടച്ചുപൂട്ടിയ തുണിമില്ലുകളുടെ പുനരുദ്ധാരണത്തിന്‌ പാക്കേജ്‌ പ്രഖ്യാപിച്ചാൽ അതിന്റെ ഗുണം കൊല്ലം പാർവതി മില്ലിനും ലഭിക്കുമെന്ന്‌ കരുതിയതും തെറ്റി. കിഴക്കൻ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്  എന്നിവയ്ക്കും സഹായമില്ല. റബർ ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രഖ്യാപനം മാത്രമാണ്‌ ഏക ആശ്വാസം. എന്നാൽ, തറവില സംബന്ധിച്ച്‌ ബജറ്റിൽ പ്രഖ്യാപനമില്ല. 
       എല്ലാ തൊഴിലാളികൾക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ നിലവിലെ നിയമത്തിൽ ഭേദഗതി ബജറ്റിൽ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം തുറമുഖത്തിന്റെ ആഴം 12 മീറ്ററായി കൂട്ടാനുള്ള ഡ്രഡ്‌ജിങ്ങിന്‌ മാരിടൈം ബോർഡ്‌ കേന്ദ്രസർക്കാരിനു സമർപ്പിച്ച 107 കോടി രൂപയുടെ പദ്ധതിയും വെളിച്ചംകണ്ടില്ല. കൊല്ലം–- ചെങ്കോട്ട, എറണാകുളം– -തിരുവനന്തപുരം റെയിൽ പാതയിൽ പുതിയ ട്രെയിനുമില്ല. ജില്ലയിലെ ഇടത്തരവും ചെറുതുമായ സ്റ്റേഷനുകളുടെ വികസനത്തിനും തുക വകയിരുത്തിയില്ല.
 
കടുത്ത അവ​ഗണന: എസ് സുദേവൻ
കൊല്ലം
കശുവണ്ടി ഉൾപ്പെടെ പരമ്പരാഗത തൊഴിൽമേഖലകളെ അവ​ഗണിക്കുന്നതും എയിംസ് അടക്കമുള്ള കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളോട് മുഖംതിരിക്കുന്നതുമായ കേന്ദ്രബജറ്റ് തീർത്തും നിരാശാജനകമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായ കശുവണ്ടി ഉൾപ്പെടെ പരമ്പരാഗത തൊഴിൽ മേഖലകളെ  പരിഗണിച്ചില്ല. കശുവണ്ടി വ്യവസായ മേഖലയ്‌ക്ക്‌ പുനരുദ്ധാരണ പാക്കേജെന്ന പ്രതീക്ഷ അസ്ഥാനത്തായി. പ്ലാന്റേഷൻ മേഖലയ്‌ക്ക് പ്രത്യേകം പദ്ധതി പരിഗണിച്ചില്ല. പാർവതി മിൽ അടക്കം അടച്ചുപൂട്ടിയ തുണിമില്ലുകൾ പുനരുദ്ധരിക്കാൻ ഒന്നും ബജറ്റിലില്ല.  ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ്‌ കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്  എന്നിവയ്ക്കും സഹായമില്ല. പത്തുമീറ്റർ ആഴമുള്ള  കൊല്ലം തുറമുഖത്തിന്റെ വികസനവും അവ​ഗണിക്കപ്പെട്ടു. എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ കെ പ്രേമചന്ദ്രനും തുറമുഖ വികസനത്തിനും റെയിൽവേ വികസനത്തിനും ഒന്നുംചെയ്തില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ നേരിടാൻ  നിർദേശമില്ല.  തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽദിനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, ക്ഷേമ പദ്ധതികളിലെ കേന്ദ്രവിഹിതം വർധന, കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട് തിരകെയെത്തിവർക്കുള്ള പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പരി​ഗണിച്ചില്ല. കൊല്ലം –-ചെങ്കോട്ട പാതയുടെ വികസനവും ​അവ​ഗണിക്കപ്പെട്ടു. കേരളത്തോടുള്ള ക്രൂരമനോഭാവമാണ് ബജറ്റിൽ പ്രകടമാകുന്നതെന്നും എസ് സുദേവൻ പറഞ്ഞു.
 
പരമ്പരാഗത തൊഴിലാളികളെ പരി​ഗണിച്ചില്ല: സിഐടിയു
കൊല്ലം
ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായ കശുവണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളെ തീരെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്ന വാഗ്‌ദാനമല്ലാതെ സാധാരണ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്ന  ഒന്നും ബജറ്റിലില്ല. കോവിഡ് സാഹചര്യം പരിഗണിച്ച് കശുവണ്ടി വ്യവസായ മേഖലയ്‌ക്ക്‌ ഉത്തേജനം പകരുന്ന പുനരുദ്ധാരണ പാക്കേജ് ഇത്തവണ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, പരമ്പരാഗത വ്യവസായങ്ങളെ പാടേ അവഗണിച്ചു. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തു കളയാനും സംസ്കരിച്ച പരിപ്പിന്റെ  നേരിട്ടുള്ള ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുമുള്ള കശുവണ്ടി വ്യവസായത്തിന്റെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. 
കൊല്ലത്തെ പാർവതി മിൽ അടക്കം നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകൾ തുടർന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല. ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ്‌ കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്  എന്നിവയ്ക്കും യാതൊരു സഹായവും ബജറ്റിലില്ല. കോവിഡ് പ്രതിസന്ധിക്കു ശേഷമുണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുമെന്ന പ്രതീക്ഷയും ഇല്ലാതാക്കി. കൊല്ലം തുറമുഖത്തിന്റെ വികസനത്തിനും ബജറ്റിൽ ശുപാർശകളില്ല. ആശാ, അങ്കണവാടി സ്കീം വർക്കർമാരുടെ വേതനത്തിലെ കേന്ദ്ര വിഹിതത്തിലും യാതൊരു വർധനയും നടപ്പാക്കിയില്ല. ജില്ലയിലെ വിവിധ മേഖലകളിലെ   തൊഴിലാളികളെ പരിപൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ്  ജയമോഹനും പറഞ്ഞു.
 
കശുവണ്ടി വ്യവസായത്തെ അവഗണിച്ചു: 
എസ് ജയമോഹൻ
കൊല്ലം
 ‌കോവിഡിനു ശേഷം തോട്ടണ്ടിക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളാൽ പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായമേഖലയെ കേന്ദ്ര ബജറ്റ് പൂർണമായും അവഗണിച്ചെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. ​ഗ്രാമീണ മേഖലയിൽ പതിനായിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽനൽകുന്ന കശുവണ്ടി വ്യവസായത്തിന്
സവിശേഷമായ പരിഗണന  ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് വിശദമായ നിവേദനം ബജറ്റിന് മുന്നോടിയായി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. 
  എന്നാൽ,  പുനരുദ്ധാരണ പാക്കേജ് അടക്കം പ്രതീക്ഷിച്ച യാതൊരു പ്രഖ്യാപനങ്ങളും ബജറ്റിലില്ല.  തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയുക, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽനിന്ന് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതി  നിയന്ത്രിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. 
സുപ്രീംകോടതി  വിധി ഉണ്ടായിട്ടും ഇപിഎഫ് പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനവും കശുവണ്ടി മേഖലയിലെ തൊഴിലാളികളെ നിരാശയിലാഴ്ത്തും. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ വിഷയത്തിൽ  ഇടപെടണമെന്ന് എസ് ജയമോഹൻ ആവശ്യപ്പെട്ടു.
 
 
മിനുസമുള്ള നുണ: കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം
പൂജ്യങ്ങളുടെ എണ്ണം പെരുപ്പിച്ചു കാട്ടി, തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ മെനഞ്ഞെടുത്ത ഒരു "മിനുസമുള്ള നുണ' മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ്‌ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്‌താവനയിൽ പറഞ്ഞു. 
സംസ്ഥാനത്തിന്റെ  പ്രധാന അവശ്യമായ എയിംസ് ആശുപത്രി, കശുവണ്ടി മേഖലയിലെ നവീകരണത്തിന് പാക്കേജ്, തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽദിനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, ക്ഷേമ പദ്ധതികളിലെ കേന്ദ്രവിഹിതം വർധന, കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട് തിരികെ എത്തിയവർക്ക് പുനരധിവാസ പാക്കേജ് എന്നീ കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിച്ചില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top