മലപ്പുറം
ഇടതുപക്ഷത്തിനെതിരെ ജില്ലയിൽ കോൺഗ്രസ്–- ലീഗ്–- ബിജെപി–- വെൽഫെയർ പാർടി അവിശുദ്ധ കൂട്ടുകെട്ട്. ഇതിന് കളമൊരുക്കി ജില്ലയിലെ 700 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. സ്വാധീന മേഖലകളിൽപോലും സ്ഥാനാർഥികളെ നിർത്താതെയാണ് ബിജെപിയുടെ യുഡിഎഫ് സഹായം. നഗരസഭകളിൽ പകുതിയിലേറെ വാർഡിലും സ്ഥാനാർഥികളില്ല. 12 നഗരസഭയിലെ 479 ഡിവിഷനിൽ 228ൽ മാത്രമാണ് ബിജെപി മത്സരിക്കുന്നത്. 94 പഞ്ചായത്തിലെ 1778 വാർഡിൽ 416ലും സ്ഥാനാർഥികളില്ല. 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ 190ൽ മാത്രമാണ് മത്സരിക്കുന്നത്. ബിജെപിക്ക് നിലവിൽ 10 കൗൺസിലർമാരുള്ള താനൂർ നഗരസഭയിൽ 14 വാർഡുകളിൽ ഇക്കുറി സ്ഥാനാർഥികളില്ല. 44ൽ 20 വാർഡുകളിൽ മാത്രമാണ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നത്. പത്തിടത്ത് സ്വതന്ത്രരാണ്. മറ്റിടങ്ങളിൽ സ്ഥാനാർഥികളില്ല. മലപ്പുറം നഗരസഭയിൽ 40-ൽ ഏഴ് വാർഡിൽ മാത്രമാണ് എൻഡിഎ മത്സരിക്കുന്നത്. ബിജെപി സ്ഥിരമായി മത്സരിച്ചിരുന്ന പല വാർഡുകളിലും ഇത്തവണ സ്ഥാനാർഥികളില്ല. ആറാം വാർഡ് ചോലക്കലിൽ എ പി അനിൽകുമാർ എംഎൽഎയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി സി വേലായുധൻകുട്ടിക്കെതിരെ പത്രിക നൽകിയ ബിജെപി സ്ഥാനാർഥി അവസാന നിമിഷം പിൻവാങ്ങിയത് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തവണ പൊന്നാനി നഗരസഭയിൽ. ബിജെപി പകുതിയിലേറെ വാർഡിലും മത്സരിക്കുന്നില്ല. മുമ്പ് മത്സരിച്ച ആറ് വാർഡുകളിൽ സ്ഥാനാർഥികളില്ല. ആർഎസ്എസ് ജില്ലാ നേതാവിന്റെ വാർഡിലും ബിജെപിക്ക് സ്ഥാനാർഥിയില്ല. പെരുമ്പടപ്പ് പഞ്ചായത്തിൽ ആറ് വാർഡിൽ മാത്രമാണ് ബിജെപിക്ക് സ്ഥാനാർഥിയുള്ളത്. ചീക്കോട് പഞ്ചായത്തിലെ വാർഡ് ആറ് പറപ്പൂർ, വാർഡ് 18 കൊളമ്പലം എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകനാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. പട്ടികജാതി സംവരണ വാർഡായ മുണ്ടക്കൽ ഈസ്റ്റിൽ ബിജെപി പ്രവർത്തക ലീഗ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിലും മത്സരിക്കുന്നു. പുഴക്കാട്ടിരി, മങ്കട, പാണ്ടിക്കാട്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലും സ്ഥിരമായി മത്സരിക്കുന്ന പല വാർഡുകളിലും ഇക്കുറി ബിജെപി ഇല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..