17 January Sunday

മാറാനുറച്ച്‌ കാസർകോട്‌ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കാസർകോട്‌
യാത്രക്കാർക്ക്‌ നടക്കാനായി പണിത നടപ്പാതകളെല്ലാം വാഹനങ്ങളും വഴിയോരക്കച്ചവടക്കാരും കൈയടക്കി വച്ചിരിക്കുന്നു.  ബസ്‌സ്‌റ്റാൻഡും റോഡരികുകളും മാലിന്യങ്ങളാൽ നിറഞ്ഞുകിടക്കുന്നു. കാസർകോട്‌ നഗരത്തിലെത്തുന്നവർ തലയിൽ കൈവയ്‌ക്കും. പതിറ്റാണ്ടുകളായി മുസ്ലിംലീഗ്‌ നേതൃത്വത്തിലുള്ള യുഡിഎഫ്‌ ഭരിക്കുന്ന നഗരസഭയുടെ നേർചിത്രമാണിത്‌. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതും ഇതുതന്നെ. ഇത്രയുംകാലം ഭരിച്ചിട്ട്‌ നാടിന്റെ വികസനത്തിനായി നിങ്ങൾ എന്തുചെയ്‌തുവെന്ന്‌ ജനം ചോദിക്കുന്നു. 
ജില്ലയിലെ മറ്റ്‌ നഗരസഭകളായ കാഞ്ഞങ്ങാടും നീലേശ്വരവും അഞ്ചുവർഷത്തിനിടെയുണ്ടാക്കിയ മാറ്റവുമായി താരതമ്യം ചെയ്‌താൽ മതി കാസർകോടിന്റെ അവസ്ഥ തിരിച്ചറിയാൻ.  
 സാധാരണക്കാരന്റെ അവകാശങ്ങൾക്ക്‌  ഇവിടെ വിലയില്ല.  വീടില്ലാത്ത പാവങ്ങൾക്ക്‌ വീടെന്ന സ്വപ്‌നം സാക്ഷാൽകരിക്കാനായി  സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലൈഫ്‌ പദ്ധതി സ്വന്തക്കാർക്കുവേണ്ടി മാറ്റി. പാവപ്പെട്ടവർക്ക്‌ വീട്‌ നിർമിക്കാൻ വർഷങ്ങൾക്ക്‌ മുമ്പ്‌ വിലകൊടുത്തു വാങ്ങിയ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നു. 
ചേരങ്കൈ കടപ്പുറം, അണങ്കൂർ എന്നിവിടങ്ങളിലെ സ്ഥലം വീട്‌ നിർമിക്കാൻ അനുയോജ്യമല്ലാത്തതിനാൽ സ്ഥലം  ലഭിച്ചവർ വാടകവീടുകളിൽ കഴിയുകയാണ്‌. നുള്ളിപ്പാടിയിൽ 14 വീട്‌ നിർമിക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. പണി പൂർത്തിയാകാത്തതിനാൽ കാടുപിടിച്ചും മഴ നനഞ്ഞും നശിക്കുന്നു. മുഖ്യ പ്രതിപക്ഷമായ ബിജെപിക്കും ഇക്കാര്യങ്ങളിൽ മൗനമാണ്‌. ഇരുകൂട്ടരും ചേർന്നുള്ള കൂട്ടുകച്ചവടമാണ്‌ നഗരഭരണത്തിൽ നടക്കുന്നത്‌. സാധാരണക്കാരൻ ആവശ്യങ്ങൾക്ക്‌ നഗരസഭാ ഓഫീസിൽ മാസങ്ങളോളം കയറിയിറങ്ങേണ്ടിവരുന്നു. പൊറുതിമുട്ടിയ ജനം ഭരണമാറ്റം വേണമെന്ന ദൃഢനിശ്ചയത്തിലാണ്‌.
38 അംഗ കൗൺസിലിൽ യുഡിഎഫിന്‌ 20 അംഗങ്ങളാണുള്ളത്‌. മുസ്ലിംലീഗ്‌–- 19, കോൺഗ്രസ്‌–- 1. ബിജെപി–-‌ 13, സിപിഐ എം–- 1, സ്വതന്ത്രർ–- 4 എന്നിങ്ങനെയാണ്‌ കക്ഷിനില. ഇത്തവണ സിപിഐ എം 13 വാർഡിലും  ഐഎൻഎൽ നാലിടത്തും സിപിഐ ഒരിടത്തും എൽഡിഎഫ്‌ സ്വതന്ത്രരും എൽഡിഎഫ്‌ പിന്തുണയ്‌ക്കുന്ന സ്വതന്ത്രരും പത്തുവീതം വാർഡിലും ജനവിധി തേടുന്നു. മൂന്നിടത്ത്‌ മുസ്ലിംലീഗിന്‌ റിബലുമുണ്ട്‌. കഴിഞ്ഞ ഭരണസമിതിയിലെ ചെയർമാനും വൈസ്‌ ചെയർമാനും ഉൾപ്പെടെ ലീഗിന്റെ മുതിർന്ന നേതാക്കൾ ജനങ്ങളുടെ പ്രതികരണം ഭയന്നു മാറിനിൽക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top